ഓക്ലന്‍ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ആറാം മത്സരത്തില്‍ സിംബാബ്വെയ്ക്കെതിരായ മത്സരം ആറു വിക്കറ്റിന് ജയിച്ചതോടെ ഇന്ത്യ ഗ്രൂപ്പ് ബിയിലെ ജേതാക്കളായി. സിംബാബ്വേ ഉയര്‍ത്തിയ വിജയലക്ഷ്യമായ 288 റണ്‍സ് 48.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
മുന്‍നിര ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടപ്പോള്‍ സുരേഷ് റെയ്ന പൊരുതി നേടിയ സെഞ്ച്വറിയും ക്യാപ്റ്റന്‍ ധോണിയുടെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് തുണയായത്. 94 പന്തിലായിരുന്നു റെയ്നയുടെ സെഞ്ച്വറി. റെയ്നയുടെ അഞ്ചാമത്തേയും ലോകകപ്പിലെ ആദ്യ സെഞ്ച്വറിയുമാണിത്. 104 പന്തില്‍ ഒമ്പത് ഫോറും നാലു സിക്സറും പായിച്ച റെയ്ന 110 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ധോണി 76 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്നു. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.
നേരത്തെ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്കോര്‍ 21ല്‍ നില്‍ക്കെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (16), ശിഖര്‍ ധവാന് (4) എന്നിവര്‍ പവലിയനില്‍ മടങ്ങിയെത്തി. തുടര്‍ന്ന് വന്ന വിരാട് കോഹ്ലി (38) പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും സിക്കന്ദര്‍ റാസയുടെ പന്തില്‍ ബൗള്‍ഡായി. 19 റണ്‍സെടുത്ത അജിങ്ക രഹാനെ റണ്ണൗട്ടാവുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ധോണിയും റെയ്നയും ചേര്‍ന്ന് നേടിയ 196 റണ്‍സാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 48.5 ഓവറില്‍ 287റണ്‍സിന് പുറത്തായി. ബ്രണ്ടന്‍ ടെയ്ലര് നേടിയ സെഞ്ച്വറിയാണ് സിംബാബ്വേയെ മികച്ച സ്കോറിലെത്തിച്ചത്. ടെയ്ലര് 110 പന്തുകളില്‍ നിന്ന് അഞ്ച് സിക്സും 15 ഫോറും ഉള്‍പ്പെടെയാണ് ടെയ്ലര് 138 റണ്‍സെടുത്തത്. സീന്‍ വില്യംസ് 50 റണ്‍സെടുത്ത് പുറത്തായി. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ സിംബാബ്വേയെ നാലാം വിക്കറ്റില്‍ ടെയ്ലറും വില്യംസും ചേര്‍ന്നെടുത്ത 93 റണ്‍സാണ് കരകയറ്റിയത്.
അഞ്ചാം വിക്കറ്റില്‍ ഇര്വിനുമൊത്ത് 109 റണ്‍സും ടെയ്ലര് ചേര്‍ത്തു. നാല്പത്തിരണ്ടാം ഓവറില്‍ മോഹിത് ശര്‍മയുടെ പന്തില്‍ ധവാന് പിടിച്ച് ടെയ്ലര് പുറത്താവുമ്പോള്‍ സിംബാബ്വേ അഞ്ചിന് 235 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ ഇര്‍വിനും (27), സിക്കന്ദര്‍ റാസ (28) എന്നിവര്‍ ചേര്‍ന്നെടുത്ത 35 റണ്‍സാണ് സിംബാബ്വേയെ ഈ സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി ഷാമി, മോഹിത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: