മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചിട്ട് ഇന്നലെ മൂന്നുവര്‍ഷം പിന്നിട്ടു. 2012-ലെ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെയാണ് ലോകക്രിക്കറ്റില്‍ മറ്റൊരാള്‍ക്കും ഇതുവരെ സ്വന്തമാക്കാന്‍ കഴിയാത്ത ചരിത്രനേട്ടം സച്ചിന് എത്തിപ്പിടിച്ചത്.
ഇൗ മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസ്സന് എറിഞ്ഞ 44-ാം ഓവറിലെ നാലാം പന്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ടാണ് ടെണ്ടുല്‍ക്കര്‍ തന്റെ 100-ാം അന്താരാഷ്ട്ര സെഞ്ചുറി തികച്ചത്. 138 പന്തുകളില്‍ നിന്ന് 10 ഫോറും ഒരു സിക്സറുമടക്കമായിരുന്നു സച്ചിന്റെ ചരിത്രനേട്ടം. ഏകദിനത്തിലെ 49-ാം സെഞ്ചുറിയായായിരുന്നു ഇത്. ടെസ്റ്റില്‍ 51 സെഞ്ചുറികളാണ് സച്ചിന് നേടിയിട്ടുള്ളത്.
ഏതാണ്ട് ഒരുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സച്ചിന് സെഞ്ചുറികളിലെ മാന്ത്രിക സംഖ്യ പിന്നിട്ടത്. 2011 മാര്‍ച്ച് 20ന് നാഗ്പുരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 111 റണ്‍സായിരുന്നു സച്ചിന്റെ 99-ാം സെഞ്ചുറി.
എന്നാല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ കൡയില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സച്ചിനായില്ല. ഈ കളിയില്‍ അഞ്ച് വിക്കറ്റിന് ബംഗ്ലാദശ് വിജയം നേടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ സച്ചിന് 147 പന്തില്‍ നിന്ന് നേടിയ 114 റണ്‍സിന്റെ ബലത്തില്‍ 289 റണ്‍സാണ് നേടിയത്. ബംഗ്ലാദേശ് ഈ ലക്ഷ്യം നാലു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയും ചെയ്തു.
1989 ഡിസംബര്‍ 18ന് പാക്കിസ്ഥാനെതിരെ ഗുജ്റന്‍വാലയില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സച്ചിന് ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്താവാനായിരുന്നു വിധി. നേരിട്ട രണ്ടാം പന്തില്‍ വസിം അക്രമിന് ക്യാച്ച് നല്‍കിയായിരുന്നു സച്ചിന്റെ മടക്കം. സച്ചിന്റെ ആദ്യ വിക്കറ്റ് നേടിയത് വഖാര്‍ യൂനസും.
ഏകദിനത്തില്‍ സച്ചിന്റെ ആദ്യ സെഞ്ചുറി 1994-ല്‍ ഒാസ്ട്രേലിയക്കെതിരെയായിരുന്നു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 130 പന്തില്‍ നിന്ന് 110 റണ്‍സ് നേടിയ ശേഷം മക്ഡര്‍മോട്ടിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് ക്രിക്കറ്റ് ദൈവത്തിന് ക്രീസില്‍ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ബാറ്റിംഗിങ്ങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ സച്ചിന് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 2010ല്‍ ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ഇരട്ടസെഞ്ചുറി. അരങ്ങേറ്റത്തിലെന്നപോലെ അവസാന ഏകദിനത്തിലും എതിരാളികള്‍ പാക്കിസ്ഥാനായിരുന്നു.
ധാക്കയില്‍ നടന്ന നടന്ന ഏഷ്യാകപ്പിലെ പോരാട്ടത്തില്‍ 52 റണ്‍സുമായാണ് സച്ചിന് പുറത്തായത്.
1989 നവംബറില്‍ പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന് 1990 ആഗസ്തില്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെയാണ് തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. 189 പന്തില്‍ നിന്ന് 119 റണ്‍സാണ് സച്ചിന് നേടിയത്. 2010 സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അമ്പതാം ടെസ്റ്റ് സെഞ്ച്വറി.
2011-ല്‍ അതേ പരമ്പരയില്‍ കേപ് ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കരിയറിലെ അവസാന ടെസ്റ്റ് സെഞ്ചുറിയും സച്ചിന് കരസ്ഥമാക്കി. പിന്നീട് സെഞ്ചുറിയില്ലാത്ത 40 മത്സരങ്ങള്‍ക്കുശേഷമാണ് 2013 നവംബര്‍ 14ന് മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റോടെ വിരമിച്ചത്. ഇതിനിടെ രണ്ടു തവണ തൊണ്ണൂറുകളില്‍ പുറത്തായ ചരിത്രവുമുണ്ട് സച്ചിന്. 2001ല്‍ മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 94 റണ്ണിനും ഓവലില്‍ ഇംഗ്ലണ്ടിനെതിരെ 91 റണ്ണിനുമാണ് സച്ചിന് പുറത്തായത്.
വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ 74 റണ്ണാണ് സച്ചിനെത്തടുത്തത്.
200 ടെസ്റ്റുകളിലെ 329 ഇന്നിംഗ്സില്‍ നിന്നുമായി 51 സെഞ്ചുറികളും 68 അര്‍ദ്ധസെഞ്ചുറികളുമടക്കം 15921 റണ്‍സും 463 ഏകദിനങ്ങൡലെ 452 ഇന്നിംഗ്സുകളില്‍ നിന്നായി 49 സെഞ്ചുറികളും 96 അര്‍ദ്ധസെഞ്ചുറികളുമടക്കം 18426 റണ്‍സും സച്ചിന് സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ പുറത്താകാതെ നേടിയ 248 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്കോര്‍. ആറ് തവണ ഇരട്ടസെഞ്ചുറിയും ടെസ്റ്റില്‍ സച്ചിന് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 46 വിക്കറ്റുകളും ഏകദിനത്തില്‍ 154 വിക്കറ്റുകളും ഈ ക്രിക്കറ്റ് ദൈവം സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: