ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തായ ചെല്‍സിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും തിരിച്ചടി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ സതാംപ്ടനാണ് ചെല്‍സിയെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയത്.
എങ്കിലും പോയിന്റ് പട്ടികയില്‍ ചെല്‍സി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ആറ് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. ചെല്‍സിക്ക് 28 കളികളില്‍ നിന്ന് 64 പോയിന്റും സിറ്റിക്ക് 29 കളികളില്‍ നിന്ന് 58 പോയിന്റുമാണുള്ളത്. സമനിലയോടെ ടോട്ടനത്തെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി സതാംപ്ടണ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരുടീമുകള്‍ക്കും 29 കളികളില്‍ നിന്ന് 50 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ സതാംപ്ടനാണ് മുന്നില്‍.
ഇന്നലെ നടന്ന കളിയില്‍ ആധിപത്യം പുലര്‍ത്തിയതും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും ചെല്‍സി താരങ്ങളായിരുന്നു. കളിയുടെ 61 ശതമാനവും പന്ത് കൈവശംവെച്ച ചെല്‍സി പായിച്ച 22 ഷോട്ടുകളില്‍ 7 എണ്ണം ലക്ഷ്യത്തിലേക്കു നീങ്ങുകയും ചെയ്തു. എന്നാല്‍ സതാംപ്ടണ് ഗോളിയുടെ മികവിന് മുന്നില്‍ അവയെല്ലാം വിഫലമായി. അതേസമയം അഞ്ച് ഷോട്ടുകളാണ് സതാംപ്ടണ് താരങ്ങള്‍ക്ക് ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാന്‍ കഴിഞ്ഞത്.
കളിയുടെ തുടക്കം മുതല്‍ ആക്രമണം നടത്തിയ ചെല്‍സി 11-ാം മിനിറ്റില്‍ ലീഡ് നേടി. ബ്രാനിസ്ലാവ് ഇവാനോവിച്ച് നല്കിയ തകര്‍പ്പന്‍ ക്രോസ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡീഗോ കോസ്റ്റ ബുള്ളറ്റ് ഹെഡ്ഡറിലൂടെ സതാംപ്ടണ് വല കുലുക്കി. പ്രീമിയര്‍ ലീഗ് സീസണില്‍ കോസ്റ്റയുടെ 18-ാമത്തെ ഗോളായിരുന്നു ഇത്.
തൊട്ടുപിന്നാലെ സതാംപ്ടണ് സമനില നേടുവാന്‍ അവസരം ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. സാഡിയോ മനേയുടെ ഇടംകാലന്‍ ഷോട്ട് ചെല്‍സി ഗോളി കുര്‍ട്ടോയിസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. എന്നാല്‍ 19-ാം മിനിറ്റില്‍ സതാംപ്ടണ് സമനില ഗോള്‍ നേടി. സാഡിയോ മനേയെ ബോക്സിനുള്ളില്‍ വച്ച് നെമന്‍ജ മാറ്റിക് വലിച്ചിട്ടതിന് ലഭിച്ച പെനാല്‍റ്റിയാണ് ഡുസാന്‍ ടാഡിക് ലക്ഷ്യത്തിലെത്തിച്ചത്. തുടര്‍ന്നും ഇരുടീമുകളും മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്നതോടെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ച വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ടോട്ടനം ഹോട്സ്പറിനെയാണ് വെയ്ന്‍ റൂണിയും കൂട്ടരും കശാപ്പുചെയ്തത്. മൂന്ന് ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു. ഒമ്പതാം മിനിറ്റില്‍ ഫെല്ലാനി, 19-ാം മിനിറ്റില്‍ മൈക്കല്‍ കാരിക്ക്, 34-ാം മിനിറ്റില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണി എന്നിവരായിരുന്നു യുണൈറ്റഡിന്റെ സ്കോറര്‍മാര്‍. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 29 കളികളില്‍ നിന്ന് 56 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്.
മറ്റൊരു കളിയില്‍ എവര്‍ട്ടനും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ന്യൂകാസിലിനെ 3-0നാണ് എവര്ട്ടണ് കശാപ്പുചെയ്തത്. 20-ാം മിനിറ്റില്‍ മകാര്‍ത്തി, 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലുകാകു, ഇഞ്ചുറി സമയത്ത് ബാര്‍ക്ക്ലി എന്നിവരാണ് എവര്ട്ടണ് വേണ്ടി ഗോളുകള്‍ നേടിയത്.
കളിയുടെ 59-ാം മിനിറ്റില്‍ ന്യൂകാസിലിന്റെ കോളോക്കിനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: