ഇരിട്ടി : കേരളം ഭരിക്കുന്ന പിണറായി വിജയന്‍ അഭിനവ ബകാസുരനെന്നു ബിജെപി സംസ്ഥാന ജനറല്‍ സിക്രട്ടറി വി.കെ.സജീവന്‍. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും മാറി ബിജെപി അംഗത്വമെടുത്ത മുപ്പതോളം പേര്‍ക്ക് ഉളിക്കല്‍ ടൗണില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഭരിക്കുന്ന നാട്ടിലെ കുടുംബങ്ങളെ നിത്യവും ഭക്ഷണമാക്കിയ ബകാസുരനെ പോലെ പിണറായിയും തന്നോടൊപ്പം എല്ലാകാലവും നിന്ന തന്റെ നാട്ടിലെ കുടുംബങ്ങളെയും ഭക്ഷണമാക്കിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു രാജ്യത്തും, ഒരു നാട്ടിലും കാലത്തെ അതിജീവിച്ച ചരിത്രമില്ല. എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടി എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിച്ച ഭാരതീയത എന്ന പ്രത്യയശാസ്ത്രം കാലത്തെ അതിജീവിച്ചു നില്‍ക്കുകയാണ്. അതുകൊണ്ടാണ് ഭാരതീയ ജനതാപാര്‍ട്ടിക്ക് സ്ഥിരതയും, ജനങ്ങള്‍ക്ക് സാന്ത്വനമേകാനും കഴിയുന്ന ഒരു ഭരണകൂടത്തെ അധികാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത്. സജീവന്‍ പറഞ്ഞു. യോഗത്തില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും മാറി ബിജെപി അംഗത്വം സ്വീകരിച്ച മുപ്പതു പേരെ സജീവന്‍ ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി ഉളിക്കല്‍ പഞ്ചായത്തു സിക്രട്ടറി സനേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍, ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു, ജില്ലാ കമ്മിറ്റി അംഗം മുരളി ആശാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തിനു മുന്‍പ് ഉളിക്കല്‍ ടൗണില്‍ നടന്ന പ്രകടനത്തില്‍ രതീഷ് മാസ്റ്റര്‍ പുന്നാട്, ഗിരീഷ് പറിക്കാലം, സുരേഷ് ബാബു വയത്തൂര്‍, സനേഷ് കൃഷ്ണന്‍, മനോജ് മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ നുച്യാട്, ദിലീപ് കൈമള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















