പെരുമ്പളം: ഡിവൈഎഫ്‌ഐക്കാര്‍ ക്ഷേത്രത്തിനുള്ളില്‍ കയറി അക്രമം നടത്തി. അന്നദാനത്തിനുള്ള പച്ചക്കറികളും നിവേദ്യവും നശിപ്പിച്ചു. ഷണ്മുഖപുരം ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വടിവാളും കഠാരകളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അന്നദാനത്തിനായി പച്ചക്കറി ഒരുക്കുകയായിരുന്ന ബ്രദേഴ്‌സ് വോളിക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു ആക്രമണം. അന്നദാന പുരയില്‍ ചെമ്പില്‍ സൂക്ഷിച്ചിരുന്ന നിവേദ്യവും പച്ചക്കറികളും സംഘം നശിപ്പിച്ചു. ബഹളത്തിനിടെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തജനങ്ങള്‍ ചിതറിയോടി. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പലര്‍ക്കും വീണ് പരിക്കേറ്റു. പോലീസും ദേവസ്വം ഭാരവാഹികളും ഏറെ പണിപ്പെട്ടാണ് അക്രമികളെ തുരത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം സെക്രട്ടറി പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ബിനീഷ്, അനൂപ്, അരുണ്‍കുമാര്‍, പ്രതീഷ്, അവിനാശ്, അമല്‍, അക്ഷയ്, ശാലന്‍ ശശി, വിശാഖ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിലുണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കണമെന്നും, ഉത്സവത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും, അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
















