തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള സാംസ്‌കാരികോത്സവം സിപിഎം പരിപാടിയായി മാറി. പാര്‍ട്ടി പ്രചരണത്തിന് പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതായാണ് ആക്ഷേപം. സാംസ്‌കാരികോത്സവത്തില്‍ പ്രഭാഷണം നടത്താന്‍ എത്തുന്നവരിലേറെയും സിപിഎമ്മുകാരും പോഷകസംഘടനാ ഭാരവാഹികളും.
ദേശീയതലത്തിലോ മലയാളത്തിലോ അറിയപ്പെടുന്ന വലിയ എഴുത്തുകാരും സാംസ്‌കാരികോത്സവത്തിനില്ല. പുകസ പ്രസിഡണ്ടായ വൈശാഖന്‍ അക്കാദമി പ്രസിഡണ്ടായതോടെ കേരള സാഹിത്യ അക്കാദമി പാര്‍ട്ടിയുടെ ഏരിയകമ്മിറ്റി ഓഫീസായി തരംതാണുവെന്ന ആക്ഷേപം എഴുത്തുകാര്‍ക്കിടയിലുണ്ട്.
അതേസമയം എല്ലാ ആശയകദിക്കാരെയും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് വൈശാഖന്‍ പറഞ്ഞു. പാര്‍ട്ടി പ്രഭാഷകര്‍ മാത്രമായതോടെ ജനപങ്കാളിത്തം നാമമാത്രമായി. അറുപതിലേറെ പ്രസാധകര്‍ പുസ്തകോത്സവത്തിനെത്തിയിട്ടുണ്ടെങ്കിലും കാര്യമായ വില്പനയില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജനപങ്കാളിത്തം കുറഞ്ഞത് പ്രസാധകരെയും നിരാശരാക്കുന്നു.
സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ ഓര്‍മയാവുകയും ലെനിനിന്റേയും സ്റ്റാലിന്റെയും ഭൗതികദേഹംപോലും റഷ്യന്‍ ജനത തിരസ്‌കരിക്കുകയും ചെയ്തിട്ടും കേരള സാഹിത്യ അക്കാദമി അതിനെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടി ദാസ്യത്തിന്റെ പേരിലാണ്. ഇതില്‍ സഹൃദയ ലോകത്തിന് കടുത്ത പ്രതിഷേധമുണ്ട്.
















