തുറവൂര്‍: കഴിഞ്ഞ സര്‍ക്കാരന്റെ കാലത്ത് തുടങ്ങിയ സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ പെരുവഴിയില്‍. 2013 ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഭൂരഹിതര്‍ക്കുള്ള പട്ടയ ദാനം നടത്തിയെങ്കിലും തുറവൂര്‍ തെക്കു വില്ലേജിലെ പദ്ധതി ഉപഭോക്താക്കളായ 27 പേര്‍ക്കും നാളിതുവരെ ഒന്നുംതന്നെ ഉപയോഗിക്കുവാന്‍ സാധിച്ചിട്ടില്ല.
ഭൂരഹിതര്‍ക്ക് അനുവദിച്ച തൈക്കാട്ടുശേരി പാലത്തിനോടനുബന്ധിച്ച പ്രദേശം വെള്ളകെട്ടുനിറഞ്ഞതായതിനാല്‍ വാസയോഗ്യവുമല്ല. വെള്ളക്കെട്ടാണെങ്കിലും അനുവദിച്ച സ്ഥലം അളന്നു തിരിച്ചു കൊടുക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ഇന്ന് നടക്കുന്ന കളക്ടറുടെ താലൂക്കുതല പരിഹാര പരിപാടിയായ ‘സേവന സ്പര്‍ശ’ത്തില്‍ അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പദ്ധതി ഗുണഭോക്താക്കള്‍. ഉദ്യോഗസ്ഥര്‍ ഭൂമി അളന്നു തിരിക്കുന്നതില്‍ ഇനിയും നിസ്സംഗത തുടര്‍ന്നാല്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്‍പോട്ട് പോകുമെന്നും വാസയോഗ്യമല്ലാത്ത ഭൂമി വാസയോഗ്യമാക്കി നല്‍കുകയോ അല്ലെങ്കില്‍ പകരം ഭൂമി കണ്ടെത്തി നല്‍കുകയോ ചെയ്യുവാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
















