പിലാത്തറ: ഏഴിലോട് കാരാട്ട് അടുപ്പൂട്ടിപാറക്ക് സമീപം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാല തുറക്കാനുള്ള തീരുമാനം വേണ്ടെന്നു വെച്ചു. ചെറുതാഴം പഞ്ചായത്താഫീസില്‍ നടന്ന ചര്‍ച്ചയിലാണ് കാരാട്ട് ഔട്ട്‌ലെറ്റ് തുടങ്ങില്ലെന്ന് ധാരണയായത്.
ജനവാസം നിറഞ്ഞതും കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് അടുത്ത് കിടക്കുന്നതുമായ കാരാട്ടെ ഇരുനിലക്കെട്ടിടത്തിലാണ് ഔട്ട്‌ലെറ്റ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. സാധനങ്ങളുമായി ബുധനാഴ്ച വൈകിട്ട് ബിവറേജസ് ജീവനക്കാര്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടിച്ചുകൂട്ടുകയും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം ചെറുതാഴം പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, സ്‌കൂള്‍ പിടിഎ, പരിയാരം എസ്‌ഐ, ബിവറേജസ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















