എടത്വാ: ജീവകാരുണ്യ പ്രവര്‍ത്തനം മറയാക്കിയ ഗാനമേളസംഘത്തെ പോലീസ് ഇടപെട്ട് പറഞ്ഞുവിട്ടു. ഗാനമേളയിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന വ്യാജേന എടത്വാ ടൗണില്‍ ഗാനമേള നടത്തിയ സംഘത്തെയാണ് എടത്വാ പോലീസ് പറഞ്ഞുവിട്ടത്. തെക്കന്‍ കേരളത്തില്‍ നിന്നെത്തിയ സംഘമാണ് ഇന്നലെ രാവിലെ മുതല്‍ ജംഗ്ഷനില്‍ ഗാനമേളയും പണപ്പിരിവും നടത്തിയിരുന്നത്. പണപ്പിരിവും യാത്രക്കാരെ ശല്യംചെയ്യലും സഹിക്കാതെ വന്നതോടെ വ്യാപാരി വ്യവസായി ഏകോപന സമതി എടത്വാ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ രേഖകള്‍ പരിശോധിച്ചശേഷം തിരിച്ചുവിടുകയായിരുന്നു.
















