ചേര്‍ത്തല: അധികൃതര്‍ കണ്ണുതുറന്നു. സലിമിന്റെ വീട്ടില്‍ വൈദ്യുതി എത്തിക്കാന്‍ നടപടിയായി. വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കിയ മായിത്തറ വടക്കേച്ചിറയില്‍ ആര്‍. സലിമിനെ കണക്ഷന്‍ നല്‍കാതെ അധികൃതര്‍ വട്ടം ചുറ്റിച്ചത്. ഇന്നലെ വൈകിട്ട് ഫോണില്‍ വിളിച്ചശേഷം കെഎസ്ഇബി എസ്എല്‍ പുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ കണക്ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ അടിയന്തരമായി എത്തിക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കുകയായിരുന്നു. സമീപവാസികളുടെ സമ്മതപത്രവും കരം അടച്ച രസീതിന്റെ പകര്‍പ്പും ആവശ്യമായ തുകയും അടയ്‌ക്കുന്ന പക്ഷം കണക്ഷന്‍ ലഭ്യമാക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. പുതിയതായി നിര്‍മിച്ച വീട്ടില്‍ കണക്ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസം മുന്‍പാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ വീട്ടില്‍ താമസം തുടങ്ങിയിട്ടും കണക്ഷന്‍ നല്‍കാതെ ഉദ്യോഗസ്ഥര്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുകയായിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
















