പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലം പളളിക്കമ്മറ്റി കയ്യേറിയതെന്ന് ജില്ലാലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സബ് ജഡ്ജും ജില്ലാലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനുമായ എം.പി.ജയരാജ് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനായ ആന്റണി ഡൊമനിക്കിനു കൈമാറിയ റിപ്പോര്‍ട്ടിലാണ് പളളിക്കകമ്മറ്റി ആശുപത്രിയുടെ ആറ് സെന്റ് സ്ഥലം കയ്യേറിയിട്ടുണ്ടെന്നത്് വ്യക്തമാക്കുന്നത്. ഈ സ്ഥലത്ത് നിലവില്‍ ഭൂനികുതി മുറിക്കുന്നതില്‍ നിന്ന് പളളിക്കമ്മറ്റിയെ അടിയന്തിരമായി വിലക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
റീ സര്‍വ്വെ 13/5ല്‍ ഉള്‍പ്പെട്ട സ്ഥലത്തിന്റെ ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് യുണൈറ്റഡ് ബാസല്‍മിഷന്‍ ചര്‍ച്ചിന്റെ പേരിലാണ് ഉളളതെന്ന് പാനൂര്‍ രജിസ്ട്രാര്‍ നല്‍കിയ രേഖകള്‍ പറയുന്നു. 1957 മുതലുളള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ബാസല്‍ മിഷന്റെ പേരിലാണ് ഉളളത്. 9.12.1939 ഇവാഞ്ചലിക്കല്‍ മിഷ്യനറി സൊസൈറ്റി ഇന്ത്യ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലമാണ് 1960ല്‍ ആശുപത്രിക്കായി വിട്ടുനല്‍കിയതെന്നും രേഖയിലുണ്ട്. ഈ സ്ഥലത്താണ് 2011 മുതല്‍ പളളിക്കമ്മറ്റി ഭൂനികുതി അടച്ചുവരുന്നത്. നിലവില്‍ യാതൊരു ക്രയവിക്രയങ്ങളും നടന്നിട്ടില്ലെന്ന് പാനൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ലഭ്യമായ രേഖകള്‍ സൂചിപ്പിക്കുമ്പോഴാണ് ആറ് സെന്റ് സ്ഥലത്ത് പളളിക്കമ്മറ്റി ഭൂനികുതി അടക്കുന്നത്. തലശേരി തഹസില്‍ദാര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് പളളിക്കമ്മറ്റി നികുതി അടച്ചു വരുന്നത്. ഇതിനു പിന്നില്‍ വകുപ്പ് തല ഇടപ്പെടല്‍ നടന്നെന്ന് വ്യക്തമാണ്. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തിയ കയ്യേറ്റത്തിനു പിന്നില്‍ പാനൂരിലെ വന്‍മാഫിയകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി സ്ഥലമെടുപ്പിനു പിന്നിലും ഇത്തരം സംഘത്തിനു പങ്കുണ്ടെന്ന് സൂചനകള്‍ ബലപ്പെടുകയാണ്. ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കാന്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ മുന്‍കൈയ്യെടുത്തില്ലെന്ന് മെഡിക്കല്‍ ഓഫീസറും ആശുപത്രി കെട്ടിടം നിലവിലെ സ്ഥലത്താണ് ഉചിതമെന്ന്് നഗരസഭ സെക്രട്ടറിയും പറയുമ്പോഴാണ് ആശുപത്രിക്കായി പുതിയ സ്ഥലം കണ്ടെത്തിയതും പണം പിരിച്ചതും. സ്ഥലം കയ്യേറിയ പള്ളികമ്മറ്റിക്കെതിരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നടപടിയുണ്ടാവും. കയ്യേറ്റത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെടാനും സാധ്യതയുണ്ട്. ആശുപത്രി സ്ഥലം കയ്യേറിയതിനെതിരെ ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രക്ഷോഭ പരിപാടികള്‍ നടത്തി വരികയാണ്. അടുത്ത ദിവസം ആശുപത്രിയ്‌ക്കു മുന്നില്‍ മഹിളാമോര്‍ച്ച ഉപവാസ സമരം സംഘടിപ്പിക്കുന്നുണ്ട്.
















