കണ്ണൂര്‍: വിവരങ്ങള്‍ നേടിയെടുക്കുവാനും സേവനങ്ങള്‍ ലഭ്യമാക്കുവാനുമുള്ള ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വിവര- സേവനാവകാശ നിയമങ്ങള്‍ നിലവില്‍വന്നതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ മുഖഛായ മാറിയതായി എ.ഡി.എം ഇ മുഹമ്മദ് യൂസുഫ് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണ്ണൂര്‍ എസ്.എന്‍ കോളേജ് മലയാളം വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിച്ച സേവനം ജനങ്ങളുടെ അവകാശം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രണ്ട് നിയമങ്ങളും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എല്ലാ വിവരങ്ങളും ഓണ്‍ലൈനായതോടെ ചുവപ്പുനാടകള്‍ അക്ഷരാര്‍ഥത്തില്‍ ഇല്ലാതായി. ജില്ലാ കലക്ടറുടെ ചേംബറിലെത്തുന്ന പരാതിക്കാരന് അവിടെ സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ തന്റെ അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് നേരില്‍ കാണാനാവുന്ന വിധം നടപടിക്രമങ്ങള്‍ സുതാര്യമായിത്തീര്‍ന്നു. ജനങ്ങള്‍ക്ക് സേവനം നല്‍കണമെന്നതിലല്ല, അത് നിശ്ചിത സമയത്തിനകം ലഭിച്ചിരിക്കണമെന്നതിലാണ് സേവനാവകാശ നിയമം ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി സേവനങ്ങള്‍ക്ക് വേണ്ടി ഓഛാനിച്ചു നില്‍ക്കേണ്ട ഗതികേട് മാറി അപേക്ഷകന്‍ രാജാവാകുന്ന സ്ഥിതിയാണ് ഈ നിയമത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാരെ സംശയദൃഷ്ടിയോടെ വീക്ഷിച്ച ബ്രിട്ടീഷുകാരുണ്ടാക്കിയ ഔദ്യോഗിക രഹസ്യനിയമത്തെ പൊളിച്ചെഴുതി, വിവരങ്ങളും സേവനങ്ങളും പൗരന്റെ അവകാശമാക്കി മാറ്റിയെന്നതാണ് വിവരാവകാശ-സേവനാവകാശ നിയമങ്ങളുടെ പ്രസക്തിയെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ പറഞ്ഞു.
മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജന്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഴിമതി തുടരുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ഈ നിയമങ്ങളെ ശരിയായ രീതിയില്‍ ഉപയോഗിക്കാത്ത പൗരന്‍മാര്‍ കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേവനാവകാശവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പ്രായോഗിക സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളം വിഭാഗം മേധാവി എം.പി.ഷനോജ്, ഡോ.അജയ കുമാര്‍, ഇ.ശ്രീലത, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം തുടങ്ങിയവരും സംസാരിച്ചു.
















