തളിപ്പറമ്പ്: എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനിടെ അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എളമ്പേരം പാറ ബ്രൈറ്റ് വുഡ് ഇന്‍ഡസ്ട്രീസ് തൊഴിലാളി ബീഹാര്‍ സ്വദേശി ഇബ്രാഹീം അലിക്കാണ് പണം നഷ്ടപ്പെട്ടത്. 13ന് രാവിലെ എടിഎമ്മില്‍ നിക്ഷേപിച്ച അമ്പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന പത്തോളം പേരുടെ പണം ഒരുമിച്ച് അയക്കാനായി എടിഎമ്മിലെത്തിയതായിരുന്നു ഇയാള്‍. തൊണ്ണൂറ്റി ഒമ്പതിനായിരം രൂപ എടിമ്മില്‍ നിക്ഷേപിച്ചുവെങ്കിലും നാല്‍പ്പത്തിയൊമ്പതിനായിരം രൂപയുടെ രശീതു മാത്രമേ ഇയാള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. ഒരേസമയം നാല്‍പത്തിയൊമ്പതിനായിരത്തില്‍ കൂടുതല്‍ പണം എടിഎം സ്വീകരിക്കുകയില്ല എന്നത് അറിയാതെയാണ് ഇയാള്‍ ഇത്രയധികം പണം നിക്ഷേപിച്ചത്. നാല്‍പത് സെക്കന്റിലധികം അധികമായി വന്ന അമ്പതിനായിരം രൂപ യന്ത്രത്തിന് പുറത്തേക്ക് വന്നിരുന്നുവെങ്കിലും ഇദ്ദേഹത്തിന് ശേഷം എടിഎമ്മില്‍ എത്തിയവര്‍ പണം എടുത്തു എന്നാണ് സംശയിക്കുന്നത്, എടിഎമ്മില്‍ പ്രവേശിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
















