പാനൂര്‍: പാലക്കൂല്‍ ദളിത് കുടുംബത്തിനു നേരെ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമം കുട്ടിമാക്കൂല്‍ ദളിത് പീഢനത്തിന്റെ തനിയാവര്‍ത്തനം. അവിയാട് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വിജയന്റെ കുടുംബത്തിനു നേരെയാണ് സിപിഎം ഏറെകാലമായി ഭ്രഷ്ട് കല്‍പ്പിച്ചിട്ടുളളത്. കഴിഞ്ഞ ദിവസം വഴിനടക്കാന്‍ വിടാതെ മകനെ ഒരു സംഘം മര്‍ദ്ദിച്ചു.ഇതു ചോദിക്കാന്‍ ചെന്ന ഭാര്യ തുളസി, മകള്‍ രാജേശ്വരി എന്നിവരെയും തല്ലിചതച്ചു. ഇരുവരും തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചവിട്ടേറ്റ് രാജേശ്വരിയ്‌ക്ക് രക്തസ്രാവമുണ്ടാകുകയും, തീവ്ര പരിശോധനയ്‌ക്കു വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. പരാതി നല്‍കിയതിനാല്‍ ജീവനു ഭീഷണിയുണ്ടെന്ന ഭയവും ഈ കുടുംബത്തിനുണ്ട്.
പാനൂര്‍ ടൗണില്‍ ചെരുപ്പ് നന്നാക്കി കുടുംബം പുലര്‍ത്തുന്ന വിജയന്‍ ഇന്ന് ആശങ്കയിലാണ്. ഭരണ സ്വാധീനവും, ആയുധബലവുമുളള കശ്മലസംഘം തന്റെ കുടുംബത്തെ ഇനിയും ഉപദ്രവിക്കുമോ എന്ന പേടിയാണ് വിജയനുളളത്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിനു പിന്നില്ലെന്നാണ് സിപിഎം പറയുന്നത്. അങ്ങിനെയെങ്കില്‍ പ്രാദേശിക നേതാവ് പ്രമോദ് അക്രമികളെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത് എന്തിനായിരുന്നുവെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.
വിജയനെ സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതും എന്തിനായിരുന്നു. ഒരു ദളിത് കുടുംബത്തെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട രാഷ്‌ട്രീയ നേതൃത്വം വേട്ടക്കാര്‍ക്കൊപ്പം ചേരുകയായിരുന്നു പാലക്കൂലില്‍. കുട്ടിമാക്കൂലിലെ അഖിലയ്‌ക്കും കുടുംബത്തിനും നേരെ നടന്ന അക്രമത്തെയും വെളളപൂശാനും, നുണകഥ മെനയാനും സിപിഎം നേതൃത്വം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ദളിതര്‍ക്കു നേരെ അക്രമം വ്യാപകമാവുമ്പോള്‍ പ്രതിപട്ടികയില്‍ സിപിഎം പ്രവര്‍ത്തകരാണ് ഉളളത്.
ഇരകളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അക്രമികള്‍ക്കു കൂട്ടു നില്‍ക്കുന്നത് പയ്യന്നൂരിലെ ചിത്രലേഖ വിഷയത്തിലും പ്രകടമായിരുന്നു. പാലക്കൂല്‍ അക്രമത്തെ ഒറ്റപ്പെട്ട അക്രമമായി ലഘൂകരിക്കാനാണ് സിപിഎം ശ്രമം. ഇതിനെതിരെ ബിജെപി നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. ദളിത് കുടുംബത്തിനു എല്ലാ പിന്തുണയും, സംരക്ഷണവും ഉറപ്പാക്കുമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു.
















