ആലപ്പുഴ: ആധുനിക യന്ത്രങ്ങളും പണവുമൊന്നും കൈയിലില്ലാതെ പലരെയും സ്വാധീനിച്ച് അഴിമതി കാട്ടി പണമുണ്ടാക്കാമെന്നു കരുതുന്ന കരാറുകാര്‍ക്ക് സര്‍ക്കാര്‍ പ്രവൃത്തികള്‍ നല്‍കില്ലെന്ന് മന്ത്രി ജി. സുധാകരന്‍. 69.05 കോടി രൂപ മുടക്കി പുനര്‍നിര്‍മ്മിക്കുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ നിര്‍മാണോദ്ഘാടനം എടത്വായില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ എങ്ങനെയെങ്കിലും പിടിച്ച് ഉദ്യോഗസ്ഥരെയും പലരെയും സ്വാധീനിച്ച് അഴിമതി കാട്ടി പണം സമ്പാദിക്കാമെന്നു കരുതുന്നവര്‍ക്ക് കരാര്‍ നല്‍കില്ല.
നെല്‍വയലുകള്‍ നികത്താതെതന്നെ പാലങ്ങളും റോഡുകളും നിര്‍മ്മിക്കും. നിലം നികത്താന്‍ പാടില്ല. ജലാശയങ്ങള്‍ നികത്തരുതെന്ന് കാഴ്ചപ്പാടും നയവുമാണ് സര്‍ക്കാരിന്. വന്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഖജനാവിന് ശേഷിയില്ലാത്തതിനാല്‍ പണം വായ്‌പയെടുത്താണ് പദ്ധതികള്‍ നടത്തുന്നത്. എല്ലാ റോഡുകളും നാലുവര്‍ഷത്തെ അറ്റകുറ്റപ്പണി ചെയ്യുന്നതടക്കം ഏഴുവര്‍ഷത്തെ ഗാരന്റിയോടെയാണ് നിര്‍മിക്കുന്നത്. റോഡുകളുടെ മെയിന്റനന്‍സ് ജോലികള്‍ക്കായി മാത്രം പ്രത്യേക വിഭാഗത്തെയും ചീഫ് എന്‍ജിനീയറെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തോമസ് ചാണ്ടി എംഎല്‍എ ആദ്ധ്യക്ഷനായി.
22.56 കിലോമീറ്റര്‍ വരുന്ന റോഡ് 18 മാസം കൊണ്ട് നിര്‍മിക്കുകയാണ് ലക്ഷ്യം. തിരുവല്ല, കുട്ടനാട്, അമ്പലപ്പുഴ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. റോഡിലെ കലുങ്കുകളുടെ വീതി കൂട്ടല്‍, കലുങ്ക് നിര്‍മാണം, ടൈല്‍പാകിയ ഫുട്പാത്തുകള്‍, കാനയും നിര്‍മ്മിക്കും.















