ചെറുപുഴ: വേനല്‍ കടുത്തതോടെ മലയോരത്ത് പലയിടത്തും കുടിവെളളം കിട്ടാതായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ വായ്‌ക്കാനത്ത് കുടിവെള്ളത്തിനായി കോളനിക്കാര്‍ നെട്ടോട്ടത്തിലാണ്. 38 കുടുംബങ്ങളാണ് വായ്‌ക്കാനം കോളനിയിലുള്ളത്. കോളനിയിലേക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നത് കോളനിക്ക് സമീപത്തെ കുളത്തില്‍ നിന്നാണ്. കുളത്തിലെ വെള്ളം വറ്റിയതിനാല്‍ കുളത്തിലിറങ്ങിയാണ് ഇപ്പോള്‍ കോളനിക്കാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. വേനല്‍ കടുക്കുന്നതോടെ ഇതും നിലയ്‌ക്കും. കോളനിയില്‍ കുടിവെള്ളത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടേക്ക് വാഹനത്തില്‍ കുടിവെള്ളമെത്തിക്കാനും സാധിക്കുന്നില്ല. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജലനിധി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍ ഉയരം കൂടിയ പ്രദേശമായതിനാല്‍ ജലനിധി പദ്ധതി പ്രകാരം കുടിവെള്ളം വായ്‌ക്കാനത്തേക്ക് എത്തിക്കാന്‍ സാധിക്കില്ലെന്നുറപ്പായി. ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് വായ്‌ക്കാനം.
















