കണ്ണൂര്‍: അന്താരാഷ്‌ട്ര വനിതാദിനത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജനിച്ച പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുഞ്ഞുടുപ്പുകളുമായി ജില്ലാപഞ്ചായത്ത്. കണ്ണൂര്‍ ജില്ലയെ സ്ത്രീ സൗഹൃദജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി പദ്ധതിയുടെ തുടക്കം കുറിക്കുന്ന രീതിയിലാണ് ഉപഹാരം വിതരണം ചെയ്യുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു. കണ്ണൂര്‍ ഗവ ആശുപത്രിയില്‍ ജനിക്കുന്ന എല്ലാ പെണ്‍കുഞ്ഞുങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് നല്‍കുന്ന പദ്ധതിയും നടപ്പാക്കും. പദ്ധതി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം മാര്‍ച്ച് 8 മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ഇന്‍ഷൂറനന്‍സ് പരിരക്ഷ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പി.പി ദിവ്യ പറഞ്ഞു.
ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാപഞ്ചായത്തംഗം ജാനകിടീച്ചര്‍, ആശുപത്രി ഗൈനക്കോളജിസ്റ്റ് ആശിഷ് ബെന്‍സ് എന്നിവര്‍ സംസാരിച്ചു. ഇരിട്ടി കോളിത്തട്ട് സ്വദേശികളായ രാജേഷ്-മഞ്ജു, കോളേരി സ്വദേശികളായ ശ്രുതി-രാഗേഷ്, കാഞ്ഞിലേരി സ്വദേശി ശിഫാന, കൈതപ്രം സ്വദേശികളായ പ്രഷീത-പ്രതീഷ് ദമ്പതികളുടെ പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് വനിതാദിനത്തില്‍ ഉപഹാരം നല്‍കിയത്.
















