ഇരിട്ടി: തലശ്ശേരി മൈസൂര്‍ പാത സംബന്ധിച്ച് നാളിതുവരെ വിവിധ തരത്തിലുള്ള സര്‍വേ നടന്നെങ്കിലും ഏറ്റവും ദൂരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാത തലശ്ശേരി മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ സര്‍വേ പ്രകാരം കണ്ടെത്തിയ പാതയാണെന്നു തെളിഞ്ഞതായി ആക്ഷന്‍ കൗണ്‍സില്‍. സംരക്ഷിത വനം വന്യജീവി പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് സര്‍വേ നടന്നത്. ഈ സര്‍വേ റൂട്ട് അംഗീകരിച്ച് കേന്ദ്ര ഗവര്‍മ്മെണ്ട് ഇപ്പോള്‍ 45 ലക്ഷം രൂപ ഔദ്യോഗിക സര്‍വ്വേക്കായി അനുവദിച്ചത് ശുഭോദര്‍ക്കമാണ്. കര്‍ണ്ണാടകത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ പാതക്കുള്ളത് കൊണ്ടുതന്നെ ഈ അവസരം വിനിയോഗിച്ച് കേരളത്തിലൂടെ കടന്നു പോവുന്ന തലശ്ശേരി, കൂത്തുപറമ്പ്, തില്ലങ്കേരി, പായം, വാണിയപ്പാറ വരെയുള്ള സ്ഥലങ്ങള്‍ ഏറ്റെടുത്തു റെയില്‍വേക്ക് സൗജന്യമായി കൈമാറുമെന്ന പ്രഖ്യാപനം എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍പെഴ്‌സന്‍ ആനി. ഡി.രാജ, ജനറല്‍ കണ്‍വീനര്‍ കലവൂര്‍ ജോണ്‍സണ്‍, കണ്‍വീനര്‍മാരായ ഇബ്രാഹീം കുട്ടി വള്ളിത്തോട്, എന്‍.വി.രവീന്ദ്രന്‍, പായം ബാബുരാജ്, ടി.വി.കൃഷ്ണന്‍, വിജയന്‍ ചാത്തോത്ത്, അഡ്വ.പി.സി.ചാക്കോ എന്നിവര്‍ ആവശ്യപ്പെട്ടു.
















