ഇരിട്ടി : മട്ടന്നൂരില്‍ അന്തര്‍സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിച്ചു വരുന്ന ബീവറേജസ് മദ്യ വില്‍പ്പന ശാല ഇരിട്ടിയിലേക്ക് മാറ്റാന്‍ ശ്രമം തുടരുന്നു. ഇതിനായി അധികൃതര്‍ പല പ്രദേശങ്ങളിലും സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും കടുത്ത പ്രതിരോധമാണ് ഇവിടങ്ങളിലെ ജനങ്ങളില്‍ നിന്നും ഉയരുന്നത്. കീഴൂര്‍, പയഞ്ചേരി, ജബ്ബാര്‍കടവ്, എരുമത്തടം എന്നിവിടങ്ങളില്‍ കെട്ടിടം കണ്ടെത്തിയെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം അധികൃതര്‍ വിവരം പുറത്തുവിടാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. മട്ടന്നൂരില്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും ജനങ്ങള്‍ക്കും താത്പര്യമില്ലാത്തതും സൗകര്യപ്രദമായ കെട്ടിടം കിട്ടാന്‍ പ്രയാസം നേരിടുന്നതുമാണ് അധികൃതരെ ഇരിട്ടി ഭാഗത്തേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. ആദ്യം കീഴൂരില്‍ കണ്ടെത്തിയസ്ഥലം ക്ഷേത്ര വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവെച്ചു എന്നാണറിയുന്നത്. പായം പഞ്ചായത്തിലെ എരുമത്തടത്തില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ അടുത്തിടെയാണ് പായം ലഹരിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏതുവിധേനയും മദ്യവില്‍പ്പനശാല തുടങ്ങാന്‍ തന്നെയാണ് ബീവറേജസ് അധികൃതരുടെ തീരുമാനം എന്നറിയുന്നു.
















