കണ്ണൂര്‍: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അതിവേഗ റെയില്‍പദ്ധതിയെ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കള്‍ പരിഹരിക്കുക, അതിവേഗ റെയില്‍ കോര്‍പറേഷനെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുമായി അതിവേഗ റെയില്‍വെ വിരുദ്ധ സമിതി പ്രക്ഷോഭസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് സി ഫോര്‍ എന്ന സ്ഥാപനം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാറിന് അതിവേഗ റെയില്‍പദ്ധതിയുടെ ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടിട്ടും വ്യക്തമായ കാര്യങ്ങള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിലവിലുള്ള റെയില്‍ സംവിധാനം മെച്ചപ്പെടുത്തിയാല്‍ തന്നെ അതിവേഗ റെയില്‍പദ്ധതിയോളം വേഗത ലഭിക്കുമെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. അതിവേഗ റെയില്‍പദ്ധതിക്കായി പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുന്ന നടപടികളുമായി മുന്നോട്ട്‌പോകുകയാണ് തീരുമാനമെങ്കില്‍ ശക്തമായ സമരമാര്‍ഗങ്ങളുമായി മുന്നോട്ടുപോകുമെന്ന് പി.രാജന്‍, പനോളി ലക്ഷ്മണന്‍, സി.പി.ഹരീന്ദ്രന്‍, കെ.വി.ജയരാജന്‍, പി.ഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















