കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെക്സ്റ്റയില്‍ മില്ലുകളില്‍ ജോലിചെയ്യുന്ന പതിനൊന്നായിരത്തോളം തൊഴിലാളികള്‍ കഴിഞ്ഞ ആറുമാസമായി ദുരിതത്തില്‍. സംസ്ഥാനത്തെ ഒന്‍പത് ടെക്‌സ്റ്റൈയില്‍ മില്ലുകള്‍ ആറുമാസമായി പൂട്ടിയിട്ടതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ജോലിചെയ്ത ശമ്പളം പോലും നല്കിയിട്ടില്ല. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് ടെക്‌സ്റ്റൈയില്‍ മേഖലയില്‍ എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായിരിക്കുന്നത്.
2016 ഡിസംബര്‍ 23 ന് വ്യവസായ മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തില്‍ എടുത്ത ഒരു തീരുമാനവും നടപ്പിലായില്ല. 2017 ന് ജനുവരി 1 ന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കുമെന്നും ജനുവരി 10 നുള്ളില്‍ സ്ഥാപനങ്ങള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഫെബ്രവരി 10 കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഇതിനിടയില്‍ തൊഴില്‍വകുപ്പ് ടെക്സ്റ്റയില്‍ വ്യവസായ ബന്ധ സമിതിയോഗം തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്തു. വളരെ പ്രതീക്ഷയോടെ തൊഴിലാളികള്‍ കാത്തിരുന്നു. എന്നാല്‍ വ്യവസായ ബന്ധസമിതി യോഗം വിളിച്ചുചേര്‍ത്ത ലേബര്‍ കമ്മീഷണര്‍ പ്രസ്തുത യോഗത്തില്‍ ഹജരായില്ല. അദ്ദേഹം ചുമതലപ്പെടുത്തിയ ഡെപ്യൂട്ടിലേബര്‍ കമ്മീഷണറും വന്നില്ല. വ്യവസായ ബന്ധസമിതി യോഗവും തിരുമാനമില്ലാതെ പിരിയേണ്ടി വന്നു. ആറുമാസമായി പട്ടിണി കിടക്കുന്ന തൊഴിലാളികള്‍ കഷ്്ടപ്പെടുമ്പോള്‍ വ്യവസായ-തൊഴില്‍വകുപ്പ് അധികൃതര്‍ വഞ്ചനാപരമായ സമീപനമാണ് തുടരുന്നതെന്ന് ഐഎന്‍ടിയുസി ദേശീയസെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു.
















