തിരുവനന്തപുരം: കൊല്ലം എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ തിരുവനന്തപുരത്തെ കൂട്ടായ്‌മയായ എസ്എന്‍ കോളേജ് സൗഹൃദവേദി (ടാക്‌സ്‌കോ) യുടെ ആഭിമുഖ്യത്തില്‍ ഒ.എന്‍.വി. അനുസ്മരണം നടന്നു.പ്രസ്‌ക്ലബ്ബില്‍ നടന്ന അനുസ്മരണയോഗം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. ഒ.എന്‍.വി.കവിതകള്‍ ഭാവി തലമുറകളിലൂടെ പടര്‍ന്നുപന്തലിക്കുമെന്നും ശ്രേഷ്ഠഭാഷയ്‌ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമം മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗായകന്‍ കാവാലം ശ്രീകുമാര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇനിയുമൊരവതാരമുണ്ടെങ്കില്‍… എന്നുതുടങ്ങുന്ന കവിത അദ്ദേഹം ആലപിച്ചു. ഒ.എന്‍.വി.യുടെ മകന്‍ രാജീവും ചെറുമകള്‍ അപര്‍ണാ രാജീവും കവിതാലാപനം നടത്തി. കൂട്ടായ്‌മയുടെ പ്രവര്‍ത്തകരായ പി. എസ്. ജ്യോതികുമാര്‍, കായിക്കരബാബു, എം. ആര്‍. സഹൃദയന്‍തമ്പി, ഡോ.എന്‍.ബോസ് എന്നിവര്‍ സംസാരിച്ചു.
സംഗീതികയുടെ അഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 6.30 ന് വൈഎംസിഎ ഹാളില്‍ ഒഎന്‍വി കുറുപ്പ് അനുസ്മരണ യോഗവും ഗാനസന്ധ്യയും സംഘടിപ്പിക്കും. ഐ.ബി.സതീഷ് എംഎല്‍എ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. സംഗീതിക രക്ഷാധികാരി കെ.പി.ശങ്കരദാസ് അധ്യക്ഷനാകുന്ന യോഗത്തില്‍ ടി.പി.ശാസ്തമംഗലം ഒഎന്‍വി അനുസ്മരണപ്രഭാഷണം നടത്തും. മണക്കാട് ഗോപാലകൃഷ്ണന്‍, പി.എസ്.രാജന്‍നായര്‍ എന്നിവര്‍ പങ്കെടുക്കും. യോഗാനന്തരം ഒഎന്‍വി രചിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും.
















