തിരുവനന്തപുരം : അക്കാദമിയില്‍ അരങ്ങേറിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ‘റസിപ്പി’യനുസരിച്ചുള്ള ലക്ഷ്മി നായരുടെ ‘കുക്കറി ഷോ’. എസ്എഫ്‌ഐയുടെ സമരനാടകം ചേരുവകള്‍ കൂടി ചേര്‍ത്തപ്പോള്‍ സിപിഎം കുടുംബത്തിന്റെ ‘പാചകം’ ഗംഭീരമായി.
തുടക്കം മുതല്‍ മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് സിപിഎമ്മും പിണറായിയും എസ്എഫ്‌ഐയും സ്വീകരിച്ചത്. ലക്ഷ്മി നായരുടെ കൊച്ചച്ഛന്‍ സിപിഎം സംസ്ഥാന സമിതിയംഗമായ കോലിയക്കോട് കൃഷ്ണന്‍നായരും ബന്ധു ജയകുമാറും ബോസായ ജോണ്‍ ബ്രിട്ടാസുമൊക്കെ പിണറായിക്കു ചുറ്റും വിഹരിക്കുമ്പോള്‍ എസ്എഫ്‌ഐ സമരത്തിനിറങ്ങുമെന്ന് ഒരു വിദ്യാര്‍ത്ഥിയും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് കലാലയത്തിലെത്തുന്ന പുതിയ വിദ്യാര്‍ത്ഥികളോട് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന സോഷ്യലിസ്റ്റായ ലക്ഷ്മിക്കെതിരെ. വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി തന്നെ എതിര്‍ വിദ്യാര്‍ത്ഥി സംഘടനകളെ കായികമായി എസ്എഫ്‌ഐയെ ഉപയോഗിച്ച് നേരിടുന്നുവെന്നും എസ്എഫ്‌ഐ നേതാക്കന്മാര്‍ക്ക് ഇന്റേണല്‍മാര്‍ക്കുകളും പ്രത്യേക സൗകര്യങ്ങളും ഒരുക്കുന്നുഎന്നുമാണ്.
പക്ഷേ സംയുക്ത സമരസമിതിയും എബിവിപിയും നടത്തിയ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളടക്കം രംഗത്തെത്തിയപ്പോള്‍ ആദ്യം സമരത്തെ അവഗണിച്ച ലക്ഷ്മിയും എസ്എഫ്‌ഐയും അമ്പരന്നു. ‘മാഡ’ത്തോട് കുട്ടി സഖാക്കന്മാര്‍ എത്തി അഭ്യര്‍ത്ഥന നടത്തി. ”ഞങ്ങള്‍ കൂടെ സമരത്തിനിറങ്ങിക്കോട്ടെ. മാഡം ഞങ്ങളുമായി ഒത്തുതീര്‍പ്പ് നടത്തി. സമരം അവസാനിപ്പിച്ചോളൂ”. ഇതിനിടെ സമരസമിതിയുടെ സമരം ശക്തമായി. സമാധാനപരമായി സമരം നടത്തുന്നവരെ പൊളിക്കാന്‍ ഒരു ഞായറാഴ്ച ദിവസം എസ്എഫ്‌ഐക്കാര്‍ ഇടിച്ചുകയറി കോളേജ് അടിച്ചുതകര്‍ത്തു.
ലക്ഷ്മി നേരെ ഹൈക്കോടതിയിലെത്തി പോലീസ് സംരക്ഷണവും നേടി. പോലീസ് സംരക്ഷണത്തിന്റെ പേരില്‍ സമരപ്പന്തല്‍ പൊളിച്ചുനീക്കാമെന്നായിരുന്നു കണക്കൂകൂട്ടല്‍. എന്നാല്‍ ബിജെപി നേതാവ് വി. മുരളീധരന്റെ നിരാഹാരസമരം ലക്ഷ്മിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.
ബിജെപി സമരരംഗത്ത് ശക്തമായതോടെ മാനേജ്‌മെന്റും എസ്എഫ്‌ഐയും പ്രതിരോധത്തിലായി. ഇടയ്‌ക്ക് രാജി ആവശ്യവും മറ്റാവശ്യവുമുന്നയിച്ച് എസ്എഫ്‌ഐ വെട്ടിലായി. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായ ഷാജഹാന്‍ വിജിലന്‍സില്‍ പരാതികൊടുത്തതോടെ വിഎസും പരസ്യമായി രംഗത്തെത്തിയത് സിപിഎമ്മിനെയും പിണറായിയെയും വെട്ടിലാക്കി. സിന്‍ഡിക്കേറ്റ് ഉപസമിതി ‘ശുപാര്‍ശ’ യില്ലാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തടിയൂരി. എന്നാല്‍ ലക്ഷ്മിയെ പുറത്താക്കണം എന്ന ആവശ്യം സിപിഎം സഖാക്കള്‍ സിന്‍ഡിക്കേറ്റില്‍ ഭംഗിയായി പരാജയപ്പെടുത്തി.
ഇതിനിടെ കോലിയക്കോടുമായും മാനേജ്‌മെന്റുമായും രഹസ്യമായും പരസ്യമായും ചര്‍ച്ച നടന്നു. ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി നാളിതുവരെ ഒരിടത്തും ‘അക്കാദമി’ എന്ന വാക്കുച്ചരിച്ചില്ല. ടോംസ് കോളേജും നെഹ്‌റു കോളേജുമൊക്കെ മുഖ്യമന്ത്രിയുടെ നാക്കില്‍ വന്നുവെങ്കിലും നാളിതുവരെ ‘ലോ അക്കാദമി’ എന്ന അക്ഷരം മുഖ്യന് വഴങ്ങിയില്ല. ഒടുവില്‍ മുഖ്യന്റെ നിര്‍ദ്ദേശപ്രകാരം എകെജി സെന്ററില്‍ തിരക്കഥ. ഇതിനിടെ മകന്‍ ബിനീഷ് കോടിയേരി പഠിച്ച കോളേജിലെ സമരപ്പന്തലിലെത്തി ഇത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നും പൊതു പ്രശ്‌നമല്ലെന്നും പറയാന്‍ കോടിയേരി പ്രത്യേകം ശ്രദ്ധിച്ചു.
ഒടുവില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇനി നീട്ടിയാല്‍ പണിപാളും. എങ്ങനെയും ഒത്തുതീര്‍പ്പാക്കൂ. എസ്എഫ്‌ഐയും മാനേജ്‌മെന്റും വാക്കുപാലിച്ചു. വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്ത് എസ്എഫ്‌ഐ കൈകഴുകി. നടപടിയെടുക്കാതെ സര്‍ക്കാരും. ലക്ഷ്മിക്ക് കോടതിയിലൂടെ തിരിച്ചുവരവിന് അരങ്ങൊരുക്കി സ്ഥാനമാറ്റ നാടകവുമായി മാനേജ്‌മെന്റും തിരക്കഥ ഭംഗിയാക്കി.
















