ന്യൂദല്‍ഹി: ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ക്ഷേമ പദ്ധതികള്‍ക്ക് പകരം സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യുബിഐ) സാമ്പത്തിക സര്‍വേ ശുപാര്‍ശ ചെയ്തു. എന്നാല്‍, ഇത് നിലവിലുള്ള പദ്ധതികളുടെ അനുബന്ധമായി മാറിയാല്‍ സാമ്പത്തികമായി വന്‍ ബാധ്യതയായി തീരുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. സബ്‌സിഡികള്‍ ഒഴിവാക്കി ദരിദ്രര്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍, പദ്ധതി എന്നു നടപ്പാക്കാനാകുമെന്ന് സര്‍വേയില്‍ പറയുന്നില്ല.
വിജയകരമായ നടത്തിപ്പിന് രണ്ട് ഉപാധികളും മുന്നോട്ടുവച്ചു. ഗുണഭോക്താവിന് നേരിട്ട് അക്കൗണ്ടിലേക്ക് പണമെത്തിക്കാന്‍ പ്രവര്‍ത്തന ക്ഷമമായ ജാം (ജന്‍ ധന്‍, ആധാര്‍, മൊബൈല്‍) സംവിധാനം, ചെലവ് പങ്കുവയ്‌ക്കലിനെ പറ്റിയുള്ള കേന്ദ്ര-സംസ്ഥാന ധാരണ എന്നിവയാണ് അവ.
സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം
സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന് സാമ്പത്തിക സര്‍വേ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുരോഗതിയുണ്ട്. ശരാശരി റവന്യൂ കമ്മി ഇല്ലാതാക്കാനും ശരാശരി ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനത്തില്‍ താഴെയായി കുറയ്‌ക്കാനും സാധിച്ചു. സംസ്ഥാനങ്ങളുടെ മികച്ച സാമ്പത്തിക പ്രകടനങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കണമെന്നും സര്‍വേ ശുപാര്‍ശ ചെയ്യുന്നു.
ആസ്തി പുനരധിവാസ ഏജന്‍സി
കോര്‍പ്പറേറ്റ് കടം പെരുകുകയും ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ആസ്തി പുനരധിവാസ ഏജന്‍സിക്ക് രൂപം നല്‍കണം. ആകെ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2016 സെപ്റ്റംബറോടെ പൊതുമേഖലാ ബാങ്കുകളുടെ ആകെ അഡ്വാന്‍സുകളുടെ 12 ശതമാനമായി ഉയര്‍ന്നു. മറ്റ് വിപണികളേക്കാല്‍ കൂടുതലാണ് ഇന്ത്യയുടെ എന്‍പിഎം.
ഇന്ത്യയ്‌ക്ക് അനുയോജ്യമല്ല
വികസിത രാജ്യങ്ങളുടെ സാമ്പത്തിക നയം ഇന്ത്യയ്‌ക്ക് അനുയോജ്യമാവില്ലെന്ന് സാമ്പത്തിക സര്‍വേ. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം രാജ്യാന്തര സാമ്പത്തിക നയങ്ങളില്‍ വലിയ മാറ്റം വന്നിരുന്നു. എന്നാല്‍, ഇന്ത്യയുടെ അനുഭവം ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതിനുള്ള ചട്ടങ്ങളുടെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടിയത്.
തൊഴില്‍ കുടിയേറ്റത്തില്‍ വര്‍ദ്ധന
ഇന്ത്യയില്‍ ഇതരസംസ്ഥാന തൊഴില്‍ കുടിയേറ്റത്തില്‍ വര്‍ധനയുണ്ടായി. സ്ത്രീകളായ കുടിയേറ്റക്കാരും വര്‍ധിച്ചു. സംസ്ഥാനത്തിനുള്ളില്‍ തന്നെ നടത്തുന്ന കുടിയേറ്റത്തിന്റെ നാലിരട്ടിയാണ് ഇതരസംസ്ഥാന കുടിയേറ്റം. ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ താരതമ്യേന ദരിദ്രമായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ അധികവും. ഗോവ, ദല്‍ഹി, മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ കുടിയേറ്റങ്ങളും.
















