മോസ്‌ക്കോ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ റഷ്യയില്‍. സുരക്ഷാ സഹകരണം, ഭീകരവാദം നേരിടല്‍ തുടങ്ങിയ വിഷയങ്ങളില്‍ റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തും. സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയും പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്റെ അടുപ്പക്കാരനുമായ നിക്കോളായ് പത്രുഷേവുമായി തിങ്കളാഴ്ച ദോവല്‍ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം പൂര്‍ണതോതില്‍ വിലയിരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ദല്‍ഹിയില്‍ പറഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റായത് ലോകരാഷ്‌ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനവും ഇന്ത്യയിലുളവാകുന്ന പ്രതിഫലനവും ചര്‍ച്ചയാകും. പാക്കിസ്ഥാനുമായി അടുക്കാനുള്ള റഷ്യയുടെ വിഫല ശ്രമങ്ങള്‍ ദോവല്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു.
ആയുധ ഇടപാടില്‍ തീരുമാനമായെങ്കിലും കരാര്‍ വൈകുന്നതിലുള്ള അതൃപ്തി റഷ്യ, ദോവലിനെ അറിയിക്കും. കഴിഞ്ഞ ഒക്ടോബറില്‍ ഗോവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്‌ളാദിമീര്‍ പുടിനും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെങ്കിലും, തുടര്‍ നടപടികളായിട്ടില്ല. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സാണ് പദ്ധതി നടപ്പാക്കേണ്ടത്. റഷ്യയില്‍ നിന്ന് കെഎ-226 ഹെലിക്കോപ്ടറുകളാണ് വാങ്ങുന്നത്. ചീറ്റ, ചേതക്ക് കോപ്റ്ററുകള്‍ക്ക് പകരമാണിവ.
















