ന്യൂദല്‍ഹി: സുപ്രീംകോടതി കൊളീജിയവുമായി അഭിപ്രായഭിന്നത നിലനില്‍ക്കെ വിവിധ ഹൈക്കോടതികളില്‍ 20 ജഡ്ജിമാരെ നിയമിച്ച് കേന്ദ്രഉത്തരവ്. അലഹബാദ് ഹൈക്കോടതിയിലേക്ക് 16 അഡീഷണല്‍ ജഡ്ജിമാരെയും ആന്ധ്രാ-തെലങ്കാന ഹൈക്കോടതികളിലേക്ക് നാലു ജഡ്ജിമാരെയുമാണ് നിയമിച്ചത്.
കൊളീജിയം ശുപാര്‍ശ ചെയ്ത 24 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. ഗുവാഹതി, കര്‍ണ്ണാടക, പഞ്ചാബ്-ഹരിയാന, പാട്‌ന ഹൈക്കോടതികളിലേക്ക് ശുപാര്‍ശ ചെയ്ത 10 അഡീഷണല്‍ ജഡ്ജിമാരുടെ പേരും കേന്ദ്രം തള്ളിയിരുന്നു.
ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ന്യായാധിപ നിയമനങ്ങളും ന്യായാധിപ പരിഷ്‌ക്കരണങ്ങളും സംബന്ധിച്ച് കോടതിയുടെ മുന്നിലുള്ള ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
ഭരണ വിഭാഗം പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ അതേ വിഷയത്തില്‍ സമാന്തര നടപടികള്‍ ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ഇതാദ്യമായാണ് കോടതിക്ക് മുന്നിലെത്തുന്നതെന്നും ഒരുമാസത്തിന് ശേഷം വിഷയം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരുടെ ബെഞ്ച് അറിയിച്ചു.
















