കൊച്ചി: ഹയര്‍സെക്കന്ററി മേഖലയെ ഹൈസ്‌കൂളുമായി ലയിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം. ഹയര്‍സെക്കന്ററിയെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.വി.പി. കൃഷ്ണകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ലയന നീക്കം വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹയര്‍സെക്കന്ററി ജൂനിയര്‍ അധ്യാപക പ്രശ്‌നം, ക്ലാര്‍ക്ക്, പ്യൂണ്‍ നിയമനം, പുതിയ ബാച്ചുകളിലെ അധ്യാപക നിയമനം എന്നിവയില്‍ അടിയന്തര ഉത്തരവുകള്‍ ഇറക്കണമെന്നും മുന്നൂറോളം ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഉടന്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ലൗലി ജോസഫ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയപ്പ് നല്‍കി. എച്ച്എസ്എസ്ടിഎ സംസ്ഥാന സെക്രട്ടറി എം.വി അഭിലാഷ്, മുന്‍ ആര്‍ഡിഡി റോസമ്മ എബ്രഹാം, കുമ്പളം രവി, വി.എ മാര്‍ട്ടിന്‍, ജയപ്രദീപ്, കെ.എം. ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.
ലൗലി ജോസഫ്(ജില്ലാ പ്രസിഡന്റ്),സാജന്‍ ജെ മേനോന്‍(ജില്ലാ സെക്രട്ടറി),വി.എം. ജയപ്രദീപ്(ട്രഷറര്‍), എം.വി. അഭിലാഷ്(സംസ്ഥാന കൗണ്‍സില്‍), കെ.യു. നിഷ(വനിതാ ഫോറം കണ്‍വീനര്‍ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
















