കണ്ണൂര്‍: ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കാനും വാഹനങ്ങള്‍ക്ക് ഏത് പെയിന്റ് എങ്ങനെ അടിക്കണമെന്ന് തിരുമാനിക്കാനുമുള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനാണെന്നിരിക്കെ, തങ്ങളുടെ അധികാര പരിധി ലംഘിച്ചുകൊണ്ടും ഹൈക്കോടതി ഉത്തരവ് അവഗണിച്ചുകൊണ്ടും, ട്രേഡ് യൂണിയനുകളുടെ അഭിപ്രായം മാനിക്കാതെയും കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത് പ്രതിഷേധാര്‍ഹവും നിയമവിരുദ്ധവുമാണെന്ന് ബിഎംഎസ്, ഐഎന്‍ടിയുസി, എസ്എടിയു, കെഎംസി കൂട്ടായ്‌മ എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. കേരളത്തില്‍ കോര്‍പ്പറേഷനില്‍ ഒന്നും നടപ്പിലാക്കാത്തതും മുമ്പ് നടപ്പിലാക്കി പരാജയപ്പെട്ടതുമായ ഐഡന്റിറ്റി കാര്‍ഡ് വീണ്ടും കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള കോര്‍പ്പറേഷന്റ തീരുമാനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും യൂണിയന്‍ നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിലവിലുള്ള തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിച്ചുകൊണ്ടും ഓട്ടോറിക്ഷകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും മാത്രമേ പുതിയ പെര്‍മിറ്റ് നല്‍കാവൂ എന്ന് യൂണിയനുകളുടെ അഭിപ്രായം പുച്ഛിച്ചു തള്ളിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും സിറ്റി പെര്‍മിറ്റ് നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ തീരുമാനിച്ചതെന്നും ഇത് ഓട്ടോറിക്ഷ തൊഴില്‍ മേഖലയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ഇടയാക്കൂ എന്നും യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ടൗണില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ സ്ഥലങ്ങളില്‍ മതിയായ ഓട്ടോസ്റ്റാന്റുകള്‍ കണ്ടെത്താതെ ടൗണിന് പുറത്ത് മഞ്ചപ്പാലം, കസാനക്കോട്ട, സ്പിന്നിങ്ങ്മില്‍, ചെക്ക് പോസ്റ്റ്, ഫോറസ്റ്റ് ഓഫീസ്, മേലെ ചൊവ്വ, നന്തിലത്ത്, തെഴുക്കിലെ പീടിക, കുടപ്പറമ്പ്, അണ്ടത്തോട്, ആനക്കുളം മുതലായ യാത്രക്കാരെ ലഭിക്കാത്ത സ്ഥലങ്ങളില്‍ സ്റ്റാന്റ് അനുവദിച്ച് സ്റ്റാന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു എന്ന് വരുത്താനുള്ള കോര്‍പ്പറേഷന്റ നീക്കം പരിഹാസ്യമാണെന്നും യൂണിയന്‍ ആരോപിച്ചു. ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ നിലവിലുള്ള ടൗണ്‍ പരിധി വര്‍ദ്ധിപ്പിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും ഇക്കാര്യത്തില്‍ സിഐടിയുവിന്റ നിലപാട് എന്താണന്ന് വ്യക്തമാക്കണമന്നും സംയുക്ത പ്രസ്താവനയില്‍ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പട്ടു.
കോര്‍പ്പറേഷന്‍ അധികാരികളുടെ തൊഴിലാളി വിരുദ്ധവും നിയമവിരുദ്ധവുമായ തീരുമാനത്തിനെതിരെ മുഴുവന്‍ തൊഴിലാളികളും പ്രതികരിക്കാന്‍ മുന്നോട്ട് വരണമെന്ന് സംയുക്ത സമരസമിതി നേതാക്കളായ ശശികുമാര്‍ (ബിഎംഎസ്), എന്‍.ലക്ഷ്മണന്‍ (എസ്എടിയു), കുന്നത്ത് രാജീവന്‍ (ഐഎന്‍ടിയുസി), അന്‍വര്‍ വാഴയില്‍ (കെഎംസി കൂട്ടായ്‌മ), തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പട്ടു.
















