ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ കല്‍ക്കരിഖനി തകര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ലാല്‍മതിയയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെയായി നാല് മൃതദേഹങ്ങള്‍ കണ്ടെത്തിട്ടുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പുറത്തെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി ലാല്‍മതിയയിലെ ഈസ്റ്റേണ്‍ കോള്‍ഫീള്‍ഡ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. ഗോഡ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രവേശന കവാടത്തില്‍ വലിയൊരു മണ്‍കൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം 200 അടി താഴ്ചയിലുള്ള ഖനിയില്‍ ജോലി നോക്കുകയായിരുന്ന 40 മുതല്‍ 50 വരെയുള്ള തൊഴിലാളികളും 40 ഓളം വരുന്ന വാഹനങ്ങളും കുടുങ്ങുകയായിരുന്നു. എന്നാല്‍ കുടുങ്ങിക്കിടക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ എത്രപേരുണ്ടെന്ന് ഇതുവരെ വ്യക്തമല്ല.
രാത്രിയില്‍ കനത്ത മൂടല്‍ മഞ്ഞും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. പാട്നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് ഇന്‍സ്പെക്ടര്‍, 21 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് ദുരന്ത സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
















