പൂനെ: പൂനെയിലെ കോന്ധ്‌വയിലെ ബേക്കറിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളായ ഇഷാദ് അന്‍സാരി(26), ജുനദ് അന്‍സാരി (25), ഷാനു അന്‍സാരി (20), സക്കീര്‍ അന്‍സാരി (24), ഫയീം അന്‍സാരി (21) സിഷാന്‍ അന്‍സാരി (21) എന്നിവരാണ് കൊല്ലപ്പെട്ട തൊഴിലാളികള്‍.
പുലര്‍ച്ചെ നാല് മണിക്ക് ‘ബേക്ക്‌സ് ആന്‍ഡ് കേക്‌സ്’ എന്ന ഒമ്പത് നിലകളുള്ള ബേക്കറിയുടെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രഥമിക നിഗമനം.
തൊഴിലാളികള്‍ ബേക്കറിക്കുള്ളില്‍ ഉറങ്ങുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ബോക്കറി പുറത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ ഇവര്‍ക്ക് സ്വയം രക്ഷപ്പെടാനും കഴിഞ്ഞില്ല.
പുലര്‍ച്ചെ 4.45ഓടുകൂടി അഗ്നിശമന സേനയെത്തുമ്പോള്‍ ബേക്കറി പൂട്ടികിടക്കുകയായിരുന്നു. തുടര്‍ന്ന് ഷട്ടര്‍ പൊളിച്ച് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനടെ ബേക്കറി ഉടമയെത്തി ഷട്ടര്‍ തുറക്കുകയായിരുന്നു.
ബേക്കറിക്കുള്ളില്‍ തൊഴിലാളികളെ ആറു പേരെയും അബോധവാസ്ഥയിലാണ് കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
















