ന്യൂദല്‍ഹി: കാമുകിയെ സ്വന്തമാക്കാന്‍ പാക്കിസ്ഥാനിലെത്തിയ മുംബൈയില്‍ നിന്നുള്ള യുവാവ് ജയിലിലായി. മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചു. ഈ ആവശ്യം ഉന്നയിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.
മുംബൈയില്‍ എഞ്ചിനിയറായ ഹമീദ് അന്‍സാരി അനധികൃതമായി അതിര്‍ത്തി കടന്ന് എത്തിയതിന് 2012 മുതലാണ് പാക്ക് ജയിലില്‍ കഴിയുന്നത്. അഫ്ഗാനിസ്ഥാന്‍ വഴിയാണ് ഹമീദ് പാക്കിസ്ഥാനിലെത്തിയത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട് സ്‌നേഹത്തിലായ യുവതിയെ തേടിയാണ് ഹമീദ് പാക്കിസ്ഥാനിലെത്തുന്നത്. യുവതിയെ ബന്ധുക്കള്‍ ബലമായി മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ ശ്രമിക്കുന്നതറിഞ്ഞാണ് ഇയാള്‍ പാക്കിസ്ഥാനിലേയ്‌ക്ക് പോയത്. എന്നാല്‍ പിന്നീട് സുരക്ഷാവിഭാഗത്തിന്റെ പിടിയിലാവുകയും സൈനിക കോടതി വിചാരണയ്‌ക്ക് ശേഷം ജയിലിലടക്കുകയുമായിരുന്നു.
2012 നവംബര്‍ 10ന് ശേഷം മകനോട് സംസാരിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാതാപിതാക്കളായ ഫൗസിയ അന്‍സാരിയും നെഹാല്‍ അന്‍സാരിയും പറഞ്ഞു. നിരവധി തവണ പാക്ക് പ്രധാനമന്ത്രിയ്‌ക്ക് മകനെ രക്ഷിക്കണമെന്നപേക്ഷിച്ച് കത്തെഴുതിയതായും ഇവര്‍ പറഞ്ഞു. ജയിലില്‍ നിന്ന് പോലും സംസാരിക്കാനായി അനുവദിക്കുന്നില്ല. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് പരാതി അയച്ചതായും ഫൗസിയ പറഞ്ഞു.
















