ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ അഭിഭാഷകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ദല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. രോഹിത് ടണ്ടന്‍ ആണ് അറസ്റ്റിലായത്.
നവംബറില്‍ രോഹിതിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 125 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതില്‍ 75 കോടി കള്ളപ്പണമായിരുന്നു. കൂടാതെ ഈ മാസം പത്തിന് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 14 കോടി രൂപയും കണ്ടെടുത്തു. ഇതില്‍ 2 കോടി രൂപ പുതിയ 2000ത്തിന്റെ നോട്ടുകളായിരുന്നു. ചോദ്യം ചെയ്യലില്‍ തന്റെ ഇടപാടുകാരുടെ പണമാണെന്നും രേഖകളുണ്ടെന്നും രോഹിത് അറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡ് നടത്തിയപ്പോള്‍ ഓഫിസില്‍ ഇല്ലാതിരുന്ന രോഹിത് സിസിടിവി ക്യാമറയിലൂടെ തല്‍സമയം അജ്ഞാത സ്ഥലത്തിരുന്ന് എല്ലാം വീക്ഷിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊടക് മഹീന്ദ്ര ബാങ്ക് മാനേജറിന് താന്‍ 50 കോടി നല്‍കിയതായും രോഹിത് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ പരസ് മാള്‍ ലോധിയുമായി രോഹിത്തിന് ബന്ധമുണ്ടെന്നും അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
















