വാഷിംഗ്ടണ്‍: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോര്‍ട്ട്. നിലവില്‍ എന്‍.എസ്.ജിയുടെ ആക്ടിങ് ചെയര്‍മാന്‍ പദവി വഹിക്കുന്ന റഫേല്‍ മരിയാനോ ഗ്രോസി തയാറാക്കിയ രണ്ടുപേജ് വരുന്ന കരട് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ അംഗത്വത്തെ സ്വാഗതം ചെയ്യുന്നത്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കാനാണ് ശ്രമം. എന്നാല്‍ ചൈന അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പും എന്‍പിടിയില്‍ ഒപ്പിടാത്തതും ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈനയാണ് ശക്തമായി എതിര്‍ക്കുന്നത്. ഇന്ത്യക്ക് അംഗത്വം നല്‍കിയാല്‍ പാക്കിസ്ഥാനും സമാന പരിഗണന നല്കണമെന്നാണ് ചൈനയുടെ വാദം.
എന്നാല്‍, ഇതിനെതിരേ അമേരിക്ക രംഗത്തെത്തിയിരുന്നു. ആയുധ വ്യാപാരത്തിനല്ല ഊര്‍ജ ഉപയോഗത്തിനും വ്യാപാരത്തിനുമുള്ളതാണ് എന്‍എസ്ജി അംഗത്വമെന്നാണ് അമേരിക്കയുടെ നിലപാട്. കുറച്ചു നാളുകളായി എന്‍എസ്ജി അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചു വരികയാണ്. എന്‍എസ്ജി അംഗത്വത്തിനു പാക്കിസ്ഥാനും ശ്രമിക്കുന്നുണ്ട്. 48 അംഗങ്ങളാണ് എന്‍എസ്ജിയില്‍ ഉള്ളത്.
ആണവ ഇന്ധനവും റിയാക്ടര്‍ അടക്കമുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും വില്‍ക്കുന്ന രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ക്ലബ്ബാണ് എന്‍എസ്ജി. അംഗത്വം ലഭിച്ചാല്‍ ആരില്‍നിന്നും ആണവ ഇന്ധനവും സാങ്കേതിക വിദ്യയും സ്വന്തമാക്കാം എന്നതാണ് അംഗത്വത്തിന്റെ നേട്ടം.
















