ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തെരുവുയുദ്ധത്തിലെത്തിയതോടെ ഹൈക്കമാന്റിന്റെ ഇടപെടല്‍. പരസ്യപ്രസ്താവന വിലക്കിയതായും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു.
അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടത്. ഏതു പ്രശ്‌നവും പരിഹരിക്കാനുളള സംവിധാനം പാര്‍ട്ടിക്കുണ്ട്. പരസ്യപ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു. ഇത്തരം നടപടികള്‍ നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന കെ. മുരളീധരന്‍ എംഎല്‍എയുടെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയതോടെ പോര് കനത്തു. ഇരുവരും കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ഉണ്ണിത്താന്‍ വക്താവ് സ്ഥാനം രാജിവെക്കുകയും ചെയ്തു.
ഉണ്ണിത്താനെ ഇന്നലെ മുരളീധരന്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തതോടെ വിഷയം തെരുവിലെത്തി. ഇതോടെയാണ് ഹൈക്കമാന്റിന്റെ ഇടപെടല്‍.
















