ന്യൂദല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ലോകത്തെ വികസ്വര രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. സൗദി അറേബ്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ കോണ്‍ഗ്രസിന് കീഴിലുള്ള സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസേര്‍ച്ച് സെര്‍വ്വീസാണ് (സിആര്‍എസ്) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
2008-2015 കാലയളവില്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായി ഇന്ത്യ 3400 കോടി ഡോളറാണ് മുടക്കിയത്. സൗദിയാകട്ടെ 9350 കോടി ഡോളറും. ഇന്ത്യയും സൗദിയും ആയുധം വാങ്ങുന്നതിന്റെ നേട്ടം പ്രധാനമായും അമേരിക്കക്ക് തന്നെയാണ്. ഇതുവരെ റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ ആയുധം വാങ്ങിയിരുന്നത്. അടുത്ത കാലത്തായാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്നത്.
നേരത്തെ പ്രതിരോധ മുന്നറിയിപ്പ് സംവിധാനമുള്ള വിമാനമായ ഫാല്‍ക്കണ്‍ 2004ല്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇവ വാങ്ങിയത് ഫ്രാന്‍സില്‍ നിന്നാണ്. മാത്രമല്ല, അന്തര്‍വാഹിനി കപ്പലുകളും ഫ്രാന്‍സില്‍ നിന്നു വാങ്ങി. എന്നാല്‍ 2008ല്‍ ആറ് ചരക്ക് വിമാനമാണ് അമേരിക്കയില്‍ നിന്ന് വിലക്കെടുത്തത്. 2010ല്‍ ബ്രിട്ടനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമായിരുന്നു ഇന്ത്യ ആയുധം വാങ്ങിക്കൂട്ടിയത്. എന്നാല്‍ പിന്നീട് ഫ്രാന്‍സും അമേരിക്കയുമായി ഇന്ത്യയുടെ ഇക്കാര്യത്തിലെ സുഹൃത്തുക്കള്‍. ഇന്ത്യയുടെ ഇടപാടുകള്‍ പഴയ താവളം വിട്ടത് റഷ്യക്ക് കനത്ത തിരിച്ചടിയാണ്. അന്താരാഷ്‌ട്ര ആയുധവിപണിയില്‍ റഷ്യ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
റഷ്യയുമായി ഹെലികോപ്റ്റര്‍ ഇടപാടിന് ഇന്ത്യ കഴിഞ്ഞവര്‍ഷം ധാരണയായിട്ടുണ്ട്. ഇന്ത്യ കൈവിട്ട സാഹചര്യത്തില്‍ റഷ്യ മറ്റു രാജ്യങ്ങളിലേക്ക് ആയുധം വില്‍ക്കാനുള്ള ശ്രമത്തിലാണെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
















