കണ്ണൂര്‍: ആറളഫാമില്‍ ശബളം ലഭിക്കാത്തത് നോട്ട് അസാധുവാക്കിയതെന്നത് മാനേജ്മെന്റിന്റെ വ്യാജ പ്രചാരണം. സംസ്ഥാന സര്‍ക്കാര്‍ ഫാമിലെ ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ നല്കാന് തയ്യാറാവാത്തതും ഫാമില്‍ വര്‍ഷങ്ങളായി നടക്കുന്ന അഴിമതിയുടേയും ധൂര്‍ത്തിന്റെയും അനന്തരഫലമാണ് ഫാമില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഫാമിലെ തൊഴിലാളികളായ ആദിവാസി ജീവനക്കാര്‍ക്ക് ഭക്ഷണത്തിനും മറ്റും സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മാത്രം 80 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുളള ആറളഫാം കോര്പ്പറേഷന് സര്‍ക്കാര്‍ നല്‍കാനുണ്ട്. കൂടാതെ വിവിധയിനങ്ങളിലായി വേറെയും ലക്ഷങ്ങള്‍ കോര്പ്പറേഷന് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. കോടികളുടെ അഴിമതിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
നവംബര്‍ മാസത്തെ ശബളമാണ് ഡിസംബര്‍ മാസം 22 ആയിട്ടും ഫാമിലെ ജീവനക്കാര്‍ക്ക് ലഭിക്കാത്തത്. 390 രൂപ ദിവസ ശബള നിരക്കില്‍ 304 സ്ഥിരം ജീവനക്കാരും 200 താല്‍ക്കാലികക്കാരും സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ 100ഓളം വരുന്ന മറ്റ് തൊഴിലാളികളുമാണ് ഫാമില്‍ ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാവരുടേയും ശബളമാണ് മുടങ്ങി കിടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഫാമിലെ ജീവനക്കാര്‍ക്ക് ശബളം മുടങ്ങിയിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. 80 ലക്ഷം രൂപയാണ് ഒരുമാസം ശബളയിനത്തില്‍ ഫാമിലേക്ക് വേണ്ടത്. ഫാമിലെ കാര്‍ഷിക വിഭവങ്ങള്‍ വിപണനം ചെയ്തും. ടെണ്ടര്‍ നല്കി വില്‍പ്പന നടത്തുന്ന നാളികേരം ഉള്‍പ്പെടെയുളള പല വിഭവങ്ങളും കഴിഞ്ഞ ഏതാനും നാളുകളായി കെട്ടികിടക്കുകയാണ്. ഇത് വരുമാനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഫാമില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായ പല ഘട്ടങ്ങളിലും ഫാമിന് സര്‍ക്കാര്‍ സഹായം ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
നോട്ട് അസാധുവാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രചരിപ്പിച്ച് ജീവനക്കാര്‍ക്ക് ശബളം നല്‍കാത്ത നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരിനും കോര്‍പ്പറേഷനുമെതിരെ ഉടലെടുത്തിരിക്കുന്ന പ്രതിഷേധത്തില്‍ നിന്നും ഒളിച്ചോടാനുളള നീക്കത്തിലാണ് സര്‍ക്കാരും കോര്‍പ്പറേഷനും. ജീവനക്കാരായ ആദിവാസികളുള്‍പ്പെടെയുളള ഫാമിലെ ജനങ്ങളെ ഒന്നാകെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാരാണ് ശബളം കിട്ടാത്തതിന് ഉത്തരവാദിയെന്ന നിലയില്‍ സിപിഎമ്മിന്റെ സഹായത്തോടെ കളളപ്രചാരണം നടത്തുകയാണ്.
ശബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ജീവനക്കാരും ഇന്നലെ സൂചന പണമുടക്ക് നടത്തി. ശബളം നല്‍കാത്തതിനെതിരെ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫാമിലെ ജീവനക്കാര്‍ ജനുവരി 5 മുതല്‍ അനിശ്ചിതകാല സമരം നടത്താനുളള ഒരുക്കത്തിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: