അഴീക്കോട്: വിദ്യാലയങ്ങളില്‍ ആശയങ്ങള്‍ക്ക് പകരം ഇന്ന് ശേഖരിക്കപ്പെടുന്നത് ആയുധങ്ങളാണെന്ന് റിട്ട.പ്രൊഫ.എം.മുഹമ്മദ് പറഞ്ഞു. അഴീക്കോട് സ്വാന്തനം വയോജന കേന്ദ്രത്തില്‍ നടന്ന പരേതനായ പ്രൊഫ.പി.വിശ്വനാഥന്‍ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണവും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ അധ്യാപകരില്‍ വിനയം, ആത്മാര്‍ത്ഥത എന്നിവ കുറഞ്ഞ് വരികയാണ്. അവിടെയാണ് വിശ്വനാഥന്‍ മാസ്റ്ററെപ്പോലുള്ള പഴയ അധ്യാപകരുടെ മഹത്വം പുതുതലമുറ മാതൃകയാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിട്ട.പ്രിന്‍സിപ്പാള്‍ ഡോ.പി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍ അനുസ്മരണ പ്രഭാഷണം ഡോ.എ.കെ. നമ്പ്യാര്‍ നിര്‍വ്വഹിച്ചു. വിശ്വനാഥന്‍ മാസ്റ്ററെ കുറിച്ച് പത്‌നി കോമളവല്ലി രചിച്ച സ്മൃതി പുഷ്പങ്ങളെന്ന പുസ്തകം നാരായണന്‍ കാവുമ്പായി കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് എസ്.ആര്‍.ഡി പ്രസാദിന് നല്‍കി പ്രകാശനം ചെയ്തു. സ്വാന്ത്വനം സെക്രട്ടറി എ.കെ.രവീന്ദ്രന്‍ സ്വാഗതവും കോമളവല്ലി നന്ദിയും പറഞ്ഞു.
















