ഇരിട്ടി: മാനന്തവാടിയില്‍ നിന്നും കാസര്‍കോട്ടേക്ക് കൃഷിയിടങ്ങളിലൂടെ വൈദ്യുത ലൈന്‍ വലിക്കാനുള്ള അധികൃതരുടെ നടപടിക്കെതിരെ ഉളിക്കല്‍ പഞ്ചായത്ത് തലത്തില്‍ 21ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകരോടും ബന്ധപ്പെട്ടവരോടും പറയാതെയാണ് സാറ്റലൈറ്റ് സര്‍വേ നടത്തി ജനവാസ കേന്ദ്രത്തിലൂടെ ലൈന്‍ വലിക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ കര്‍ഷകര്‍ക്ക് നഷ്ടമാവും. പദ്ധതിക്കെതിരെ കര്‍ഷരുടെ ഇടയില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് പഞ്ചായത്ത് തലത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡണ്ടിനെ കൂടാതെ ജോസഫ് പൂവത്തിങ്കല്‍, സണ്ണി പൂത്തേട്ടു, സബാസ്റ്റ്യന്‍ മുണ്ടിയാനി, തോമസ് പുന്നപ്പയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















