തലശ്ശേരി : റെയില്‍വേ അനുമതി നല്‍കിയിട്ടും തലശ്ശേരി ബസ്സ്റ്റാന്റില്‍നിന്നും റെയില്‍വേ സ്റ്റേഷനിലെക്കുള്ള പാത നിര്‍മ്മിക്കാതെ മുഖംതിരിച്ച നഗരസഭയെ നോക്കുകുത്തിയാക്കി അജ്ഞാതര്‍ നടപ്പാത നിര്‍മ്മിച്ചു. സദാനന്ദപൈ പെട്രോള്‍ പമ്പിനടുത്ത് നിന്ന് മേല്‍പ്പാലത്തിനടിയിലൂടെയാണ് റെയില്‍വേ സ്റ്റേഷനിലേക്ക് നടപ്പാതയൊരുക്കിയിട്ടുള്ളത്. ഇത് വഴി റോഡ് നിര്‍മ്മിക്കാന്‍ നേരത്തെ തന്നെ റെയില്‍വേ രേഖാമൂലം തലശ്ശേരി നഗരസഭയ്‌ക്ക് അനുമതി നില്‍കിയതായി പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി അറിയിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു അനുമതി പത്രം ലഭിച്ചിട്ടില്ലെന്നാണ് നഗരസഭാ ചെയര്‍മാന്‍ സി.കെ.രവീന്ദ്രന്‍ പറയുന്നത്. ഈ തര്‍ക്കത്തിനിടെയാണ് അജ്ഞാതരായ ചിലര്‍ നടപ്പാതനിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തിനടത്തിയത് ആരാണെന്ന് റെയില്‍വേക്കോ നഗരസഭക്കോ യാതൊരു വിവരവുമില്ലത്രേ. എതായാലും നാട്ടുകാരെ സംബന്ധിച്ച് ഇത് ഒരു അനുഗ്രഹമായിട്ടുണ്ട്.
















