കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ക്വാറി-ക്രഷര്‍ ആന്റ് ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് സമിതി കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സൂചനാപണിമുടക്കും കലക്‌ട്രേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ലൈസന്‍സുകള്‍ ഉളള പെര്‍മിറ്റ് ക്വാറികളുടെ പ്രവര്‍ത്തനാനുമതി പുനസ്ഥാപിക്കുക, റവന്യൂ ഭൂമിയില്‍ പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിന് കലക്ടര്‍മാര്‍ എന്‍ഒസി നല്‍കുക, പാരസ്ഥിതികാനുമതിക്കുളള നിബന്ധനകള്‍ ലഘൂകരിക്കുക, ക്വാറി-ക്രഷര്‍, ടിപ്പര്‍ നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സംരക്ഷിക്കുക, ടിപ്പര്‍ ഡ്രൈവര്‍മാരുടെ ക്ഷേമനിധി അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക, സ്‌ക്കൂള്‍ സമയത്ത് ടിപ്പറുകളുടെ സമയ നിയന്ത്രണം എടുത്തുകളയുക, ടിപ്പറുകള്‍ മറ്റ് വാഹനങ്ങളെപ്പോലെ റോഡിലൂടെ ഓടുന്നതിനുളള അവകാശം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാപണിമുടക്ക് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ യു.സെയ്ദ്, സി.മോഹനന്‍, കെ.കുഞ്ഞിമാമു മാസ്റ്റര്‍, വി.പി.നാണു, എ.കെ.ഇബ്രാഹിം, സി.ജി.തങ്കപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















