വാഷിങ്ടണ്‍: ഐഎസിന്റെ അപ്രമാദിത്വം അവസാനിക്കുകയാണെന്ന് അമേരിക്ക. ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഏറെയും പിടിച്ചെടുത്തു കഴിഞ്ഞു. തങ്ങളുടെ നേതൃത്വത്തിലുളള സഖ്യസേന അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഉപദേശകരെയും അനുയായികളെയും തുടച്ച് നീക്കിയതായും അമേരിക്ക അവകാശപ്പെട്ടു.
രാജ്യാന്തര അതിര്‍ത്തികളില്‍ ഇവര്‍ക്ക് ഇപ്പോള്‍ ഒരു സ്വാധീനവും ഇല്ല. സിറിയയില്‍ ചെറിയൊരു പ്രദേശത്ത് മാത്രമായി ഒതുങ്ങി. ഇവിടെ നിന്ന് പുറത്ത് കടക്കുക ഇവര്‍ക്ക് അതീവ ദുഷ്‌കരം. പോരാട്ടം തുടരുമെന്നും ഐഎസിനെ നേരിടാനുള്ള ആഗോള സഖ്യത്തിന്റെ പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ ബ്രെറ്റ് മക്ഗൗര്‍ക്ക് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് പോരാട്ടം ആരംഭിച്ചപ്പോള്‍ 65,000 ഇറാഖി സൈനികര്‍ക്ക് അമേരിക്ക പരിശീലനം നല്‍കി. ഇപ്പോള്‍ ധീരവുമായ പ്രകടനമാണ് സൈനികര്‍ നടത്തുന്നത്. ഐഎസ് ഭീകരര്‍ ഇപ്പോള്‍ മൊസൂളില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് ഇനി നഷ്ടപ്രതാപം വീണ്ടെടുക്കാനാകില്ല.
ഇറാഖില്‍ ഐഎസിന്റെ അധീനതയിലുണ്ടായിരുന്ന 61 ശതമാനം പ്രദേശവും തിരിച്ച് പിടിച്ച് കഴിഞ്ഞു. സിറിയയില്‍ 28 ശതമാനവും.
















