കൊടുങ്ങല്ലൂര്‍: തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിനിമാസംവിധായകന്‍ രക്ഷാധികാരിയായ ഫിലിം സൊസൈറ്റി ഭാരവാഹികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് ഇതേ ഫിലിം സൊസൈറ്റി തന്നെ മാസങ്ങള്‍ക്കുമുമ്പ് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ ദേശവിരുദ്ധ ടര്‍ക്കിഷ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ ഇല്ലാത്ത ഭാരതഭൂപടം ഉള്‍ക്കൊള്ളിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ടര്‍ക്കിഷ് സിനിമക്ക് തിയ്യേറ്ററുകളില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല.
കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ ചില ഭാരവാഹികളുടെ നിര്‍ബന്ധബുദ്ധിയെത്തുടര്‍ന്നാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. ദേശീയഗാനാലാപനത്തെ ചോദ്യം ചെയ്യുകയും ദേശവിരുദ്ധസിനിമ പ്രദര്‍ശനം നടത്തുകയും ചെയ്ത ഫിലിം സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ രാജ്യദ്രോഹം കുറ്റംചുമത്തി കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
ദേശീയഗാനാലാപനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ഫിലിം സൊസൈറ്റി കൊടുങ്ങല്ലൂരിന് അപമാനമാണെന്ന് സാംസ്‌കാരിക കൂട്ടായ്‌മ യോഗം അഭിപ്രായപ്പെട്ടു.
വേണുവെണ്ണറ അദ്ധ്യക്ഷത വഹിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിലിം സൊസൈറ്റി രക്ഷാധികാരി കമലിന്റെ വീട്ടിലേക്ക് നാളെ യുവമോര്‍ച്ച മാര്‍ച്ച് നടത്തും.
















