ആലപ്പുഴ: മുഹമ്മദ് നബിയുടെ ജന്മദിനം ഇന്ന് ജില്ലയിലെമ്പാടും വിപുലമായി ആഘോഷിക്കും. പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും സംഘടിപ്പിക്കപ്പെടുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സുകളാണ് പ്രധാനം. മഹല്ലു ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ നബിദിനാഘോഷ പരിപാടികള്‍ നടത്തും.
നബിദിനാഘോഷത്തിന്റെ ഭാഗമായി മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിനറാലി ഇന്ന് രാവിലെ നടക്കും. കുരുന്നുകളുടെ നബിദിനറാലിക്ക് ആശംസകളുമായി രക്ഷകര്‍ത്താക്കളുമെത്തുന്നതോടെ മദ്‌റസാങ്കണങ്ങള്‍ രാവില തന്നെ ജന നിബിഡമാകും. തുടര്‍ന്ന് മൗലിദ് സദസ്സും അന്നദാനവും നടക്കും. ഇതിനും പുറമെ പള്ളികളില്‍ ഉച്ചക്ക് മുമ്പായി പ്രത്യേക മൗലിദ് സദസ്സുകള്‍ നടക്കും. ഉച്ചക്ക് ശേഷം വിശ്വാസികള്‍ അണിനിരക്കുന്ന നബിദിനറാലികളും തുടര്‍ന്ന് നബിദിന സമ്മേളനങ്ങളും നടക്കും. ആലപ്പുഴയിലെ മുസ്‌ലിം പൊതുവേദിയായ ലജ്‌നത്തുല്‍ മുഹമ്മദിയ്യ സംഘടിപ്പിക്കുന്ന നബിദിനറാലിയില്‍ പട്ടണത്തിലെ 24 മഹല്ല്-ജമാഅത്തുകളില്‍ നിന്നുള്ള ആയിരങ്ങള്‍ അണിനിരക്കും.
















