തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. യുപി വിഭാഗത്തില്‍ 33 ഇനങ്ങളില്‍ 16 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 78 പോയന്റുമായി കണ്ണൂര്‍ നോര്‍ത്ത് മുന്നിലാണ്. 72 പോയന്റുകളുമായി പയ്യന്നൂര്‍, ഇരിട്ടി ഉപജില്ലയില്‍ തൊട്ടുപിന്നിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 89 ഇനങ്ങളില്‍ 27 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 108 പോയന്റ് നേടിയ കണ്ണൂര്‍ നോര്‍ത്താണ് മുന്നില്‍. 98 പോയന്റുമായി പയ്യന്നൂര്‍ രണ്ടാം സ്ഥാനത്തും 96 പോയന്റുമായി മാടായി മൂന്നാം സ്ഥാനത്തുമാണ്.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഇനങ്ങളില്‍ 30 ഇിനങ്ങലുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 117 പോയന്റ് നേടിയ പയ്യന്നൂര്‍ ഉപജില്ലയാണ് മുന്നില്‍. 110 പോയന്റ് നേടിയ കണ്ണൂര്‍ നോര്‍ത്ത് രണ്ടാം സ്ഥാനത്തും 107 പോയന്റുമായി ഇരിട്ടി മൂന്നാംസ്ഥാനത്തുമുണ്ട്.
ഇന്നലെ നടന രാഗഭാവതാളലയങ്ങളാല് മോഹനം. തലശ്ശേരി നഗരം അക്ഷരാര്‍ത്ഥത്തില്‍ കൗമാരകലയില് അലിഞ്ഞുചേര്‍ന്നു. ഒന്നാം വേദിയായ ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇന്നലെ രാവിലെ വിവിധ വിഭാഗങ്ങളിലെ നാടോടിനൃത്തം, സംഘനൃത്തം എന്നിവ നടന്നു.
ബ്രണ്ണന്‍ എച്ച്എസ്എസിലെ വേദി രണ്ടില്‍ ശാസ്ത്രീയ സംഗീതം എച്ച്എസ് ഗേള്‍സ്, ശാസ്ത്രീയ സംഗീതം എച്ച്എസ് ബോയ്സ് എന്നില അരങ്ങേറി. ബ്രണ്ണന്‍ എച്ച്എസ്എസ് വേദി മൂന്നില്‍ പ്രഭാഷണം സംസ്കൃതം, ചമ്പു പ്രഭാഷണം എച്ച്എസ്, സിദ്ധരൂപോച്ചാരണം യുപി ഗേള്‍സ് എന്നിവയും നടന്നു. ബ്രണ്ണന്‍ എച്ച്എസ്എസ് വേദി നാലില്‍ പദ്യം സംസ്കൃതം എച്ച്എസ് ,സംസ്കൃതം കഥാകഥനം യുപി എന്നിവയും നടന്നു.
കാഴ്ചക്കാര്‍ കുറവായിരുന്നുവെങ്കിലും മത്സരത്തില്‍ മാറ്റുരച്ച വിദ്യാര്‍ത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നൃത്തനൃത്യങ്ങള്‍ അരങ്ങേറിയ വേദികളിലും നാടകവേദികളിലുമൊഴികെ മറ്റ് വേദികളിലെല്ലാം തന്നെ കാണികളെക്കാള്‍ ഒഴിഞ്ഞ കസേരകളായിരുന്നു കാണാന്‍ കഴിഞ്ഞത്. തലശ്ശേരിക്ക് കലയുടെ രാപ്പകലുകള്‍ സമ്മാനിച്ചുകൊണ്ട് രണ്ടുദിവസമായി നടന്നുവരുന്ന ജില്ലാ കലോത്സവത്തിന് ഞായറാഴ്ച വൈകുന്നേരത്തോടു കൂടി തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: