തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരത്തില്‍ എളയാവൂര്‍ സിഎച്ച്എം ഹയര്‍ സെക്കന്ററി ഒന്നാം സ്ഥാനം നേടി. ഒപ്പനയില്‍ മത്സരിച്ച 16 ടീമുകളെ പിന്തള്ളിയാണ് സിഎച്ച്എം ഒന്നാം സ്ഥാനം നേടിയെടുത്തത്. അബ്ദുള്ള എടരിക്കോട് പരിശീലിപ്പിച്ച സിഎച്ച്എം ടീം 2002 ന് ശേഷം ആദ്യമായാണ് ഒപ്പനയില്‍ ജേതാക്കളാകുന്നത്. 2002 ല്‍ സജ്‌ല സലീമും സംഘവുമാണ് സിഎച്ച്എമ്മിനെ സംസ്ഥാനതലത്തിലെത്തിച്ചത്. വാശിയേറിയ മത്സരത്തില്‍ തികച്ചും തനത് രൂപത്തില്‍ അവതരിപ്പിക്കുകയും ഫാത്തിമ ബീവിയുടെയും അലിയാര്‍ തങ്ങളുടെയും ജീവിതചരിത്രം ഇമ്പമാര്‍ന്ന ഈരടികളാലെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകരൊന്നടങ്കം അതില്‍ അലിഞ്ഞുചേരുകയായിരുന്നു. മാപ്പിളകലകള്‍ക്ക് കാലങ്ങളായി മികച്ച പരിശീലനമാണ് സിഎച്ച്എം നല്‍കി വരുന്നത്. ഫാത്തിമത്ത് സുമയ്യ, നേഹ, നന്ദനാഥ്, റാഫിയ പര്‍വീണ്‍, ഹബീബ, ശാലിമ, ശബ്‌ല, ഫിദ, ആയിശ ഫാത്തിമ എന്നിവരാണ് ഒപ്പന ടീമിലെ അംഗങ്ങള്‍.
















