ഇരിക്കൂര്‍: ബസ് യാത്രക്കിടയില്‍ വൃദ്ധയുടെ രണ്ടര പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത നാടോടി യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാത്തൂരിലെ ദേവകിയുടെ മാലയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് മധുര സ്വദേശിനികളായ കസ്തൂരി (22), ഐശ്വര്യ (27) എന്നിവരെയാണ് ഇരിക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരിക്കൂര്‍-ബ്ലാത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ വെച്ചായിരുന്നു മോഷണം. സംഭവം ബ്ലാത്തൂര്‍ എത്തുന്നതിന് മുമ്പ് മനസ്സിലാക്കിയ ദേവകി ബഹളംവെച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും അടുത്ത സ്റ്റോപ്പിലിറങ്ങിയ നാടോടി സ്ത്രീകളെ പിടികൂടുകയായിരുന്നു. എന്നാല്‍ മോഷ്ടിച്ച മാല ഇവര്‍ മറ്റാര്‍ക്കോ കൈമാറിയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
















