ന്യൂദല്‍ഹി: ജനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാമതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ടൈം മാഗസിന്‍ നടത്തിയ പേഴ്സണ്‍ ഓഫ് ദി ഇയര്‍ 2016 റീഡേഴ്‌സ് ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ലോകനേതാക്കളെ പിന്തളളി പ്രധാനമന്ത്രി ഒന്നാമതെത്തിയത്.
ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്താങ്ങിയതു മോദിയെയാണ്. ഇതിനു പുറമേ കാലിഫോര്‍ണിയ, ന്യൂ ജഴ്സി എന്നിവിടങ്ങളില്‍ ഏറ്റവുമധികം വോട്ടു ലഭിച്ചതു മോദിക്കാണെന്നതും ഏറെ ശ്രദ്ധേയമാണ്. വാഷിങ്ടണില്‍ കൂടുതല്‍ പേര്‍ പിന്തുണച്ചത് ഒബാമയെയാണ്. ഈ മാസം ഏഴിനാണു പേഴ്സണ്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപനം നടത്തുക.
ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ മോദിക്കു 18 ശതമാനം വോട്ടു ലഭിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാഞ്ചെ തുടങ്ങിയവരെയാണ് തെരഞ്ഞെടുപ്പില്‍ മോദി പിന്നിലാക്കിയത്. ഇവരെല്ലാം ഏഴ് ശതമാനം വോട്ടുകള്‍ മാത്രമാണ് കരസ്ഥമാക്കിയത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രണ്ട് ശതമാനം വോട്ടു നേടി. ഹിലരി ക്ലിന്റണ്‍ നാലു ശതമാനം വോട്ടുകള്‍ നേടിയിരുന്നു.
അതേസമയം ഒന്നാമതെത്തിയ മത്സരാര്‍ത്ഥിയെ കുറിച്ച് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ദിവസം ഏതെന്നും ടൈം മാഗസിന്‍ തെരഞ്ഞിരുന്നു. പാകിസ്ഥാന് തീവ്രവാദത്തിന്റെ മാതൃത്വം കല്‍പ്പിച്ച് നല്‍കിക്കൊണ്ട് ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്രമോദി തന്റെ ഉജ്ജ്വല പ്രസംഗം അവതരിപ്പിച്ച ഒക്ടോബര്‍ 16 ആയിരുന്നു ഏറ്റവുമധികം പ്രധാനമന്ത്രി ചര്‍ച്ചാവിഷയമായ ദിവസം.
2014-ല്‍ നടന്ന ടൈം മാഗസിന്‍ സര്‍വ്വേയിലും പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു മില്യണുകളോളം വോട്ടുകളില്‍ 16 ശതമാനം സ്വന്തമാക്കി ഒന്നാമതെത്തിയിരുന്നു. 2015-ലെ തെരഞ്ഞെടുപ്പില്‍ അവസാന റൗണ്ടിലെത്തിയ എട്ടു പേരില്‍ ഒരാളായും മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015- ലെ ടൈം മാഗസിന്‍ സര്‍വ്വേയില്‍ ഒന്നാമതെത്തിയത് ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മാര്‍ക്കല്‍ ആയിരുന്നു.
















