ന്യൂദൽഹി: രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നുഴഞ്ഞു കയറ്റം തടയാൻ ആധുനിക സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കുമെന്ന് കേന്ദ്രം. ഇതിന്റെ ഭാഗമായി അതിർത്തി ഭാഗങ്ങളിൽ പുത്തൻ സാങ്കേതിക ഉറപ്പോടു കൂടിയ ലേസർ ഭിത്തികൾ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു പറഞ്ഞു.
പഞ്ചാബിലെ ഗുരുദാസ്പുർ സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു വർഷത്തിനകം ലേസർ ഭിത്തികൾ, മറ്റ് ആധുനിക സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കാൻ കഴിയുമെന്ന് റിജ്ജു പറഞ്ഞു. പഞ്ചാബ്, ഗുജറാത്ത്, കശ്മീർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലായിരിക്കും ഇവ നിർമ്മിക്കുക.
അതിർത്തി കാക്കുന്ന ബിഎസ്എഫ് ആയിരിക്കും ലേസർ ഭിത്തികളുടെ ചുമതല നൽകുക. പഞ്ചാബിന്റെ ചില അതിർത്തി പ്രദേശങ്ങളിൽ ഒരു ഡസനിലധികം ലേസർ ഭിത്തികൾ ഉപയോഗത്തിലുണ്ട്. രണ്ട് വർഷം മുൻപ് ബിഎസ്എഫാണ് ലേസർ ഭിത്തികളെക്കുറിച്ചുള്ള ആശയം മുന്നോട്ട് വച്ചത്.
















