ലക്‌നൗ: ജനസംഘ സ്ഥാപകനായ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മനാട്ടിലുള്ള ഫറാ ടൗണ്‍ റെയില്‍വെ സ്‌റ്റേഷന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് യു.പി സര്‍ക്കാരിന് വിയോജിപ്പ്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ അലംഭാവം. ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് കഴിഞ്ഞ സെപ്തംബറില്‍ ബിജെപി തുടക്കമിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇവിടം സന്ദര്‍ശിച്ചിരുന്നു. നിലവില്‍ ഫറാ റെയില്‍വെ സ്റ്റേഷന് മുഗള്‍ കാലഘട്ടത്തിനോട് ബന്ധമുള്ള പേരാണ് നല്‍കിയിരിക്കുന്നത്.
1857 ലെ ഒന്നാം സ്വാതന്ത്യ സമരവുമായും ഈ സ്ഥലത്തിന് ബന്ധമുണ്ട്. റെയില്‍വെ സ്റ്റേഷന് ഉപാദ്ധ്യായയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കേന്ദ്രം കത്തെഴുതിയിട്ടുണ്ടെങ്കിലും നിലവില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായ രാഹുല്‍ ഭട്‌നഗറില്‍ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല. റെയില്‍വെ സ്റ്റേഷന് ദീന്‍ ദയാലിന്റെ പേരു നല്‍കണമെന്നാവശ്യയമുന്നയിച്ച് ദീന്‍ദയാല്‍ ഉപാദ്ധ്യായ സമിതിയാണ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്.
















