ന്യൂദല്‍ഹി: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് ഹൈക്കോടതിയിലെ കേസ് വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ വിധി വന്ന ശേഷം ഈ കേസില്‍ ഇടപെടാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കണമെന്നും ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ ഈ കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ പ്രശ്നം തീര്‍ക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബഞ്ച് ഇടപെടല്‍ നടത്തുകയാണെന്നും അതിനാല്‍ ഈ കേസ് മാറ്റി വയ്‌ക്കണമെന്നുമാണ് ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് കേസ് മാറ്റി വയ്‌ക്കുകയും ഇന്ന് പരിഗണിക്കുകയും ചെയ്തത്.
പ്രശ്നപരിഹാരത്തിനായുള്ള നടപടിക്രമങ്ങള്‍ ഹൈക്കോടതിയില്‍ തുടരുകയാണ്. അതിനാല്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ ഇന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം സുപ്രീംകോടതി തള്ളി. ഈ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയാല്‍ മതിയാവും. ഹൈക്കോടതി കേസ് പരിഹരിച്ച ശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസില്‍ ഹൈക്കോടതി നടപടി ഇഴഞ്ഞ് നീങ്ങുകയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. കേസ് ജനുവരി രണ്ടാം വാരത്തിലേക്ക് മാറ്റി.
















